‘സെക്സ്’ തുറന്നുപറയുന്ന മലയാള സിനിമ!

ചൊവ്വ, 28 ഫെബ്രുവരി 2012 (14:53 IST)
PRO
മലയാള സിനിമ മാറുകയാണ്. ധൈര്യമുള്ള ഫിലിം മേക്കേഴ്സിന്‍റെ തന്‍റേടത്തോടെയുള്ള ഇടപെടല്‍ മലയാള സിനിമയ്ക്ക് പുതിയ കരുത്ത് പകര്‍ന്നിരിക്കുന്നു. ഒരുകാലത്ത് തുറന്നുപറയാന്‍ ഭയന്നിരുന്ന വിഷയങ്ങള്‍ സിനിമയ്ക്ക് പ്രമേയമാക്കി വിജയിപ്പിക്കുകയാണ് യുവ സംവിധായകര്‍.

പത്മരാജനും ഭരതനും നിറഞ്ഞാടിയ കാലത്തിന് ശേഷം വിവാഹേതര ബന്ധങ്ങളും അവിഹിത ഇടപാടുകളും ചൂടന്‍ ചുംബനവും കിടപ്പറ രംഗങ്ങളുമൊക്കെ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത് ഇപ്പോഴാണ്. ട്രാഫിക്, ബ്യൂട്ടിഫുള്‍, ഈ അടുത്ത കാലത്ത്, ചാപ്പാ കുരിശ്, കോക്ടെയില്‍, സിറ്റി ഓഫ് ഗോഡ്, നിദ്ര തുടങ്ങിയ സിനിമകള്‍ സ്ത്രീ - പുരുഷ ബന്ധങ്ങളിലെ ഇടര്‍ച്ചയും ഇഴപിരിയലുമൊക്കെ ചര്‍ച്ച ചെയ്ത സിനിമകളായിരുന്നു.

സമൂഹം പൊതു ഇടങ്ങളില്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ഇന്ന് മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരം സിനിമകള്‍ കാണുവാന്‍ കുടുംബപ്രേക്ഷകരും എത്തുന്നു. ട്രാഫിക്കിന്‍റെയും ഈ അടുത്ത കാലത്തിന്‍റെയുമൊക്കെ വിജയം ഇതാണ് സൂചിപ്പിക്കുന്നത്.

സെക്സിനെപ്പറ്റിയുള്ള സംഭാഷണങ്ങള്‍, ഡബിള്‍ മീനിംഗ് ഡയലോഗുകള്‍, പങ്കാളിയറിയാതെ മറ്റൊരാളുമായുള്ള ശാരീരിക ബന്ധം ഇതൊക്കെ സിനിമകളുടെ ഭാഗമായി മാറുന്നു. അവയൊക്കെ ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. നായകനും നായികയും സ്വഭാവത്തില്‍ അല്‍പ്പം ഗ്രേ ഷേഡുള്ളവരായിരിക്കുന്നത് അംഗീകരിക്കപ്പെടുന്നു.

ഈ ട്രെന്‍ഡിന് അനുസരിച്ചുള്ള അനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതേ, ധൈര്യമുള്ള ഫിലിം മേക്കേഴ്സ് മലയാള സിനിമയെ മാറ്റിമറിക്കുകയാണ്.

വെബ്ദുനിയ വായിക്കുക