ഒരുവര്‍ഷം മുമ്പ് വരെ മലയാളത്തില്‍ യുവനിരയിലെ കരുത്തനായ നടന്‍ ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - പൃഥ്വിരാജ്. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. മലയാളത്തില്‍ ഇപ്പോള്‍ താരപ്രളയമാണ്. അതില്‍ ആസിഫ് അലി, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങിയവര്‍ പൃഥ്വിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു.
ഈ വര്‍ഷം പൃഥ്വിയുടേതായി പ്രദര്‍ശനത്തിനെത്തിയ സിനിമകള്‍ മാസ്റ്റേഴ്സ്, ഹീറോ, ബാച്ച്‌ലര്‍ പാര്‍ട്ടി, മഞ്ചാടിക്കുരു എന്നിവയാണ്. ഇവയൊന്നും ബോക്സോഫീസില്‍ ചലനമുണ്ടാക്കിയില്ല. ഒരു താരമെന്ന നിലയില്‍ പൃഥ്വിയുടെ കരിയറില്‍ വലിയ തിരിച്ചടിയുടെ കാലമാണ് ഇത്. മമ്മൂട്ടിക്ക് സമീപകാലത്തുണ്ടായ പരാജയങ്ങളുടെ മറവില്‍ പൃഥ്വിക്ക് ഏല്‍ക്കുന്ന തിരിച്ചടി മറച്ചുവയ്ക്കപ്പെടുകയാണ്.
എന്തായാലും, ജൂലൈ ആറിന് പൃഥ്വിരാജിന്‍റെ പുതിയ ചിത്രം ‘സിംഹാസനം’ പ്രദര്‍ശനത്തിനെത്തും. ഷാജി കൈലാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ്. ഇതിഹാസചിത്രം ഗോഡ്ഫാദറില്‍ നിന്നും മലയാള ചിത്രം നാടുവാഴികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിംഹാസനം ഒരുങ്ങുന്നത്.
സിംഹാസനം പൃഥ്വിരാജിന് നിര്‍ണായകമാണ് എന്നതില്‍ സംശയമില്ല. ഈ സിനിമയുടെ വിജയപരാജയങ്ങളായിരിക്കും മലയാള സിനിമയില്‍ ഈ നടന്‍റെ സ്ഥാനം നിര്‍ണയിക്കുക എന്ന് സിനിമാപണ്ഡിതരും വിലയിരുത്തുന്നു.