ലിംഗുസാമി പ്രതീക്ഷിച്ചത്ര വിജയമായില്ല ‘വേട്ടൈ’. വന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയതിന് ശേഷം വേട്ടൈ ശരാശരി പ്രകടനം മാത്രമണ് കാഴ്ച വച്ചത്. അതില്‍ ലിംഗുസാമിക്ക് നിരാശയുമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ചിത്രം മെഗാഹിറ്റാക്കണമെന്ന വാശിയുമുണ്ട്.
‘സണ്ടക്കോഴി’യുടെ രണ്ടാം ഭാഗമാണ് ലിംഗുസാമി ഇനി സംവിധാനം ചെയ്യാന്‍ പോകുന്നത്. വിശാല്‍ തന്നെയായിരിക്കും നായകന്. “ഒരിടവേളയ്ക്ക് ശേഷം ഞാനും ലിംഗുസാമിയും ഒന്നിക്കുകയാണ്. സണ്ടക്കോഴിയുടെ രണ്ടാം ഭാഗം എന്നതുപോലെ ഒരു സിനിമയാണ് ലക്ഷ്യമിടുന്നത്” - വിശാല്‍ പറയുന്നു.
അങ്ങനെയാണെങ്കില്‍ സണ്ടക്കോഴിയിലെ നായികയായ മീരാ ജാസ്മിന് രണ്ടാം ഭാഗത്തിലും അഭിനയിക്കുമോ? ഒന്നും പറയാറായിട്ടില്ലെന്ന മറുപടിയാണ് വിശാല്‍ നല്‍കുന്നത്. “പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. മറ്റ് താരങ്ങളെ നിര്ണയിച്ചുതുടങ്ങിയിട്ടില്ല” - വിശാല്‍ വ്യക്തമാക്കി.
2005ല്‍ റിലീസായ സണ്ടക്കോഴിയില്‍ മലയാളിതാരം ലാല്‍ ആയിരുന്നു മുഖ്യവില്ലന്‍. രാജ്കിരണും പ്രധാന വേഷത്തിലെത്തി. 215 ദിവസമാണ് ഈ സിനിമ റിലീസ് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. സണ്ടക്കോഴിയുടെ രണ്ടാംഭാഗം വരുമ്പോള്‍ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.