സിങ്കം 2: ഓങ്ങി അടിച്ചാല്‍ ഒന്നര ടണ്‍, പാഞ്ഞടിച്ചാല്‍ പത്തര ടണ്‍!
വ്യാഴം, 2 മെയ് 2013 (17:06 IST)
PRO
2010 മേയ് 28നായിരുന്നു ‘സിങ്കം’ എന്ന തമിഴ് ചിത്രം റിലീസായത്. 15 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സിനിമ ബോക്സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 85 കോടി രൂപ! സൂര്യയുടെ ഏറ്റവും വലിയ വിജയചിത്രമായി ഹരി സംവിധാനം ചെയ്ത സിങ്കം മാറി. പിന്നീട് ഹിന്ദിയിലും കന്നഡയിലും ബംഗാളിയിലും സിങ്കത്തിന്‍റെ റീമേക്കുകള്‍ വന്‍ വിജയങ്ങളായി.
ഇപ്പോഴിതാ ‘സിങ്കം 2’ വരികയാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ജൂണില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ‘ഓങ്ങിയടിച്ചാല്‍ ഒന്നര ടണ്‍... പാഞ്ഞടിച്ചാല്‍ പത്തര ടണ്‍’ - സിങ്കം 2വിലെ നായകന്‍ ദുരൈസിങ്കത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ദുരൈസിങ്കം എന്ന പൊലീസ് ഉദ്യോഗസ്ഥനെ ‘ഇന്ത്യന്‍ പൊലീസ്’ എന്നാണ് സംവിധായകന്‍ വിശേഷിപ്പിക്കുന്നത്.
‘സിംഹത്തിന്‍റെ വേട്ട തുടരും’ എന്ന് സിങ്കത്തിന്‍റെ ക്ലൈമാക്സില്‍ എഴുതിക്കാണിച്ചിരുന്നു. സിങ്കം റിലീസായി കുറേ നാളുകള്‍ക്ക് ശേഷം ഒരിക്കല്‍ സംവിധായകന്‍ ഹരിയെ സൂര്യ വിളിച്ചു. “സിങ്കത്തിന് രണ്ടാം ഭാഗം ചെയ്താലോ? എവിടെച്ചെന്നാലും അതേപ്പറ്റിയാണ് ചോദിക്കുന്നത്” - എന്നുപറഞ്ഞു. അപ്പോള്‍ തന്നെ ‘സിങ്കം 2’ എന്ന പ്രൊജക്ടിന്‍റെ കാര്യത്തില്‍ തീരുമാനമായി.
സിങ്കം 2ന്‍റെ അഞ്ചാം റീല്‍ മുതല്‍ തന്നെ ക്ലൈമാക്സ് ആരംഭിച്ച പോലെ ഫീല്‍ ചെയ്യും. അത്രയ്ക്ക് ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ഹരി ഈ ചിത്രം ചെയ്തിരിക്കുന്നത്. “സൌത്ത് ആഫ്രിക്കയില്‍ കടലില്‍ ഒറ്റയ്ക്ക് ബോട്ടോടിക്കണം, ഹെലികോപ്റ്ററില്‍ ഒറ്റയ്ക്ക് പറക്കണം. ജീവന്‍ പണയം വച്ച് ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യണം. ഈ സിനിമയില്‍ സൂര്യ ഇതെല്ലാം ചെയ്യുന്നുണ്ട്. സിങ്കം നേടിയ വിജയത്തിന് അപ്പുറം പോകും സിങ്കം 2 എന്നതില്‍ സംശയമില്ല” - ഹരി വ്യക്തമാക്കി.