ഷേക്‍സ്പിയര്‍ തിയേറ്ററുകളിലേക്ക്

WD
തിയേറ്ററുകളില്‍ തമാശയുടെ തിരയിളക്കം ഉണ്ടാക്കാനായി ഷേക്‍സ്പിയര്‍ എം‌എ മലയാളം ഉടന്‍ എത്തുന്നു. കന്നിക്കാരായ ഷാജി-ഷൈജുവാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ജയറാമിന്‍റെ ‘പാര്‍ത്ഥന്‍ കണ്ട പരലോകം’ എന്ന മറ്റൊരു തമാശ ചിത്രം കൂടി ഈ ആഴ്ച മലയാള പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നുണ്ട്. ഷാജിയും-സൈജുവും നന്നായി ജോലി ചെയ്തു എന്നാണ് ഷേക്‍സ്പിയറിനെ കുറിച്ചുള്ള പ്രിവ്യൂ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യുവ നായകന്‍ ജയസൂര്യയും കലാഭവന്‍ മണിയും റോമയും ഒന്നിക്കുന്ന ചിത്രമാണ് ഷേക്സ്പിയര്‍ എം‌എ മലയാളം. അറബിക്കഥയ്ക്ക് ശേഷം ജയസൂര്യയ്ക്ക് പ്രാധാന്യമുള്ള വേഷം കിട്ടുന്നതും ഈ സിനിമയിലാണ്.

തമാശയുടെ അതിപ്രസരം പ്രതീക്ഷിക്കാവുന്ന ഈ ചിത്രത്തില്‍ മണി ഒരു നാടക കമ്പനി ഉടമയായും ജയസൂര്യ ഒരു നാടകകൃത്തായുമാണ് വേഷമിടുന്നത്.

കോട്ടയം ഗോപാലന്‍റെ (കലാഭവന്‍ മണി) നാടക കമ്പനിയാണ് ജയഭാരതി തിയേറ്റേഴ്സ്. നാട്ടില്‍, ഷേക്സ്പിയര്‍ പവിത്രന്‍ എന്ന പേരില്‍ പ്രശസ്തനായ ഒരു നാടകകൃത്തിനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. നാട്ടിലെ വിവാദങ്ങള്‍ നാടകങ്ങളാക്കുന്നതില്‍ പവിത്രന്‍റെ കഴിവ് ഒന്ന് വേറെതന്നെയാണ്!

റോമ, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറും‌മൂട്, രാജന്‍ പി ദേവ് അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും “ഷേക്സ്പിയര്‍ എം‌എ മലയാളം” എന്ന ചിത്രത്തില്‍ വേഷമിടുന്നു. കമലം ഫിലിംസിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഘുനാഥ് ആണ്.

സ്വതന്ത്ര സംവിധായകരായി പ്രവര്‍ത്തിക്കുന്നത് ആദ്യമാണെങ്കിലും ഷാജി-ഷൈജു ടീം നേരത്തെ തന്നെ ഈ രംഗത്ത് ചുവടുറപ്പിച്ചിരുന്നു. അക്ബര്‍ ജോസ്,പ്രിയനന്ദന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഷൈജു. ഷാജി ടികെ രാജീവ് കുമാര്‍, അനില്‍ സി മേനോന്‍ എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോട്ടോഗാലറികാണുക

വെബ്ദുനിയ വായിക്കുക