ഷങ്കറും രാജമൌലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു!

ശനി, 16 ഏപ്രില്‍ 2016 (14:50 IST)
ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ മൂന്ന് വമ്പന്‍ സംവിധായകരാണ് ഉള്ളത്. രാജ്കുമാര്‍ ഹിറാനി, എസ് എസ് രാജമൌലി, ഷങ്കര്‍ എന്നിവര്‍. ഇതില്‍ രാജ്കുമാര്‍ ഹിറാനി വര്‍ഷങ്ങളുടെ ഇടവേളയെടുത്ത് കഥയ്ക്ക് ആവശ്യമായ ബജറ്റ് മാത്രം ഉപയോഗിച്ച് സിനിമ ചെയ്യുകയും ബജറ്റിന്‍റെ പല മടങ്ങ് ഇരട്ടി ലാഭം സൃഷ്ടിക്കുകയും ചെയ്യുന്നയാളാണ്. 
 
മറ്റ് രണ്ടുപേര്‍ക്കും സമാനതകള്‍ ഏറെയാണ്. ഷങ്കറും രാജമൌലിയും വന്‍ ബജറ്റില്‍ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തരായവര്‍. ഏറ്റവും വലിയ താരങ്ങളും ഏറ്റവും വലിയ ബജറ്റും ഏറ്റവുമധികം ഷൂട്ടിംഗ് ദിനങ്ങളും ഏറ്റവും വലിയ സെറ്റുകളും ഏറ്റവും മൂല്യമുള്ള സാങ്കേതിക വിദഗ്ധരും ഏറ്റവും പുതിയ ടെക്നോളജികളും ഏറ്റവുമധികം അഭിനേതാക്കളുമെല്ലാം അവരുടെ സിനിമകളുടെ പ്രത്യേകതകളാണ്. 
 
എന്തായാലും ഷങ്കറും രാജമൌലിയും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ‘എന്തിരന്‍ 2’ അഥവാ ‘2.0’ അടുത്ത വര്‍ഷം ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തും. എസ് എസ് രാജമൌലിയുടെ ‘ബാഹുബലി: ദി കണ്‍‌ക്ലൂഷന്‍’ അതേ ദിവസം തന്നെ തിയേറ്ററുകളിലെത്തും. അങ്ങനെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരേ ദിനം പ്രദര്‍ശനത്തിനെത്തി പോരടിക്കുന്നതിന് 2017 സാക്‍ഷ്യം വഹിക്കും.
 
ഷങ്കറാണോ രാജമൌലിയാണോ ഒന്നാമന്‍ എന്നൊരു ചര്‍ച്ച അവരുടെ ആരാധകര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ ഒരു ഉത്തരം അതിന് ലഭിക്കാനുള്ള അവസരം കൂടിയാവും അടുത്ത ഏപ്രില്‍ 14. ബാഹുബലിക്ക് 250 കോടിയാണ് ബജറ്റെങ്കില്‍ എന്തിരന്‍2ന് 400 കോടിയാണ് ബജറ്റ്.

വെബ്ദുനിയ വായിക്കുക