മോഹന്‍ലാല്‍ ഹാപ്പി, അഞ്ചാന് ധൈര്യമായി കേരളത്തിലേക്ക് വരാം!

ചൊവ്വ, 5 ഓഗസ്റ്റ് 2014 (19:31 IST)
അഞ്ചാന്‍ എന്ന സൂര്യച്ചിത്രം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുകയാണ്. സൂര്യയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്ന് ഇപ്പോള്‍ കേരളമാണല്ലോ. അതുകൊണ്ടുതന്നെ കേരളത്തിലെ പ്രേക്ഷകരെ കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ സൂര്യ സിനിമയുടെ കഥകള്‍ തെരഞ്ഞെടുക്കുന്നതുപോലും. അഞ്ചാന്‍ കേരളത്തിലെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ സൂര്യയ്ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാല്‍ അങ്ങനെയുള്ള ആ‍ശങ്ക സൂര്യയ്ക്ക് കഴിഞ്ഞ ദിവസം മാറി.

ഇപ്പോള്‍ സൂര്യയ്ക്ക് കടുത്ത ആത്മവിശ്വാസമാണ്. അഞ്ചാന്‍ കേരളത്തില്‍ ഹിറ്റാകും, ഉറപ്പ്. സൂര്യ ഇങ്ങനെ വിശ്വസിക്കാന്‍ ഒരു കാരണമുണ്ട്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന് അഞ്ചാന്‍റെ ട്രെയിലര്‍ പെരുത്തിഷ്ടമായി എന്നതുതന്നെ. മലയാളികള്‍ ഏറ്റവും സ്നേഹിക്കുന്ന, ആദരിക്കുന്ന നടന്‍ ഒരു സിനിമയുടെ ട്രെയിലര്‍ ഇഷ്ടമായി എന്ന് അറിയിച്ചാല്‍, ആ പടം ഹിറ്റായി എന്നുതന്നെയല്ലേ അര്‍ത്ഥം?

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് സൂര്യ വ്യക്തമാക്കി. ഇങ്ങനെ ആഗ്രഹം പ്രകടിപ്പിച്ച ഒരു തമിഴ് സൂപ്പര്‍താരത്തിന്‍റെ മോഹം മോഹന്‍ലാല്‍ സാധ്യമാക്കി ആരാധകരെ അമ്പരപ്പിച്ചിരുന്നു. സാക്ഷാല്‍ ഇളയദളപതിയുടെ. ജില്ല തമിഴ്നാട്ടിലും കേരളത്തിലും കോടികള്‍ വാരിയത് സൂര്യയും കണ്ടുകാണുമല്ലോ.

എന്തായാലും മോഹന്‍ലാല്‍ - സൂര്യ ടീമിന്‍റെ ഒരു സിനിമ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ലിങ്കുസാമി സംവിധാനം ചെയ്ത അഞ്ചാന്‍റെ ദൈര്‍ഘ്യം 170 മിനിറ്റാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സാമന്ത നായികയായ ചിത്രത്തിന്‍റെ ഛായാഗ്രഹണം സന്തോഷ് ശിവന്‍. 64 കോടി രൂപയാണ് അഞ്ചാന്‍റെ മുതല്‍മുടക്ക്.

വെബ്ദുനിയ വായിക്കുക