മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം, കാജല്‍ ആവേശത്തില്‍!

ശനി, 12 ജനുവരി 2013 (17:44 IST)
PRO
തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ ആവേശത്തിലാണ്. ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് കാജലിന് ലഭിച്ചിരിക്കുന്നത്. നവാഗതനായ നേശന്‍ സംവിധാനം ചെയ്യുന്ന ‘ജില്ല’ എന്ന തമിഴ് ചിത്രത്തിലാണ് മോഹന്‍ലാലും കാജലും ഒന്നിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു നായകന്‍ ഇളയദളപതി വിജയ് ആണ്.

“മോഹന്‍ലാല്‍ സാറിനൊപ്പം ഇതാദ്യമായി അഭിനയിക്കാന്‍ പോകുകയാണ്. ചിത്രത്തിന്‍റെ കഥ വളരെ മനോഹരമാണ്. എനിക്ക് ഈ ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രമാണ്” - കാജല്‍ അഗര്‍വാള്‍ പറയുന്നു.

തമിഴകം കീഴടക്കിയ നടനാണ് വിജയ്. മലയാളത്തില്‍ മോഹന്‍ലാലിനെ വെല്ലാന്‍ ഒരു താരമില്ല. ഈ സൂപ്പര്‍സ്റ്റാറുകളുടെ സംഗമം കേരളത്തിലെയും തമിഴകത്തെയും ഏറ്റവും വലിയ മെഗാഹിറ്റിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം കാജല്‍ അഗര്‍വാളിന്‍റെ സാന്നിധ്യം കൂടിയാകുമ്പോള്‍ ‘ജില്ല’ ഒരു ഗംഭീര വിരുന്നായി മാറും.

ആര്‍ ബി ചൌധരിയാണ് ജില്ല നിര്‍മ്മിക്കുന്നത്. വിജയുടെ കരിയറിലെ ചില സുപ്രധാന ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ചൌധരിയായിരുന്നു. മോഹന്‍ലാലിന്‍റെ ജംബോ ഹിറ്റായ കീര്‍ത്തിചക്രയുടെ നിര്‍മ്മാതാവും ചൌധരിയാണ്.

‘തുപ്പാക്കി’ക്ക് ശേഷം വിജയും കാജല്‍ അഗര്‍വാളും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ജില്ല’യ്ക്കുണ്ട്.

വെബ്ദുനിയ വായിക്കുക