ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ പക്ഷേ ഒരു വലിയ ഗതിമാറ്റത്തിന് തയ്യാറെടുക്കുകയാണ്.
സി ബി ഐ സീരീസിലെ അഞ്ചാം പടത്തിന്‍റെ കഥ വിശദമായി കേട്ട ശേഷം മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചു. മറ്റേതെങ്കിലും ഒരു താരമായിരിക്കും ഈ കഥയിലെ നായകനാകാന്‍ അനുയോജ്യനെന്ന് മമ്മൂട്ടി സ്വാമിയോട് പറഞ്ഞു. അതോടെ ഈ കഥ സുരേഷ്ഗോപിയെ വച്ച് ചെയ്യാനാണ് സ്വാമിയും മധുവും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഒരു സി ബി ഐ ഡയറിക്കുറിപ്പില്‍ സേതുരാമയ്യരുടെ സഹായിയായ ഹാരി എന്ന പൊലീസ് ഉദ്യോഗസ്ഥനെ സുരേഷ്ഗോപി അവതരിപ്പിച്ചിരുന്നു. ഈ ഹാരിയെ തിരികെ കൊണ്ടുവരാനാണ് സ്വാമി ഉദ്ദേശിക്കുന്നത്. സി ബി ഐ സീരീസിലെ അഞ്ചാം സിനിമയില്‍ സേതുരാമയ്യര്‍ക്ക് പകരം ഹാരി കേസ് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സിനിമയില്‍ ഗസ്റ്റ് റോളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടേക്കും. കേസ് അന്വേഷണത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഹാരിക്ക് ഉപദേശം നല്‍കാന്‍ സേതുരാമയ്യര്‍ എത്തും. എന്തായാലും സേതുരാമയ്യരേക്കാള്‍ മികച്ച കുറ്റാന്വേഷകനാണോ ഹാരി എന്ന് കാത്തിരുന്ന് കാണാം.