മനസിലായില്ലേ? ഇത് ഫഹദ് തന്നെ!

ചൊവ്വ, 20 ജനുവരി 2015 (15:31 IST)
ഫഹദ് ഫാസില്‍ എന്ന നടന്‍റെ ഏറ്റവും പ്രധാന ഐഡന്‍റിറ്റി ആ കഷണ്ടികയറിയ തലയാണെന്ന് ആരും സമ്മതിക്കും. കഷണ്ടിയില്ലാത്ത ഒരു ഫഹദിനെ സങ്കല്‍പ്പിച്ചുനോക്കാമോ? എങ്ങനെയായിരിക്കും അത്? എന്തായാലും തീരെ കഷണ്ടിയില്ലാത്ത ഒരു ഫഹദിനെ ഉടന്‍ കാണാം. 'അയാള്‍ ഞാനല്ല' എന്ന പുതിയ സിനിമയിലാണ് തല നിറയെ മുടിയുമായി ഫഹദ് എത്തുന്നത്.
 
നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് രഞ്ജിത് ആണ്. കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്തില്‍ ജീവിക്കുന്ന മലയാളിയായാണ് ഈ സിനിമയില്‍ ഫഹദ് വേഷമിടുന്നത്.
 
മൃദുല മുരളിയും നവാഗതയായ ദിവ്യാ പിള്ളയുമാണ് നായികമാര്‍. നര്‍മ്മരസപ്രധാനമായ ഒരു പ്രണയകഥയാണ് ഈ സിനിമ പറയുന്നത്. 
 
"ടയര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ കൊയിലാണ്ടിയില്‍ നിന്ന് ഗുജറാത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രവും അത്തരത്തില്‍ ഒരാളാണ്" - സംവിധായകന്‍ വിനീത് കുമാര്‍ പറയുന്നു.
 
അക്ഷത് സിംഗ് എന്ന ഏഴുവയസുകാരന്‍ ഒരു സുപ്രധാനമായ കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. രണ്‍‌ജി പണിക്കര്‍, ടി ജി രവി, ചെമ്പന്‍ വിനോദ് ജോന്‍, ജോജു തുടങ്ങിയവരും വേഷമിടുന്ന സിനിമയുടെ ചായാഗ്രഹണം ഷാംദത്ത്. ഗുജറാത്തിലും ബാംഗ്ലൂരിലുമായാണ് 'അയാള്‍ ഞാനല്ല' ചിത്രീകരിക്കുന്നത്. 
 
മുമ്പ് കാഴ്ച, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകള്‍ക്ക് ഗുജറാത്ത് പശ്ചാത്തലമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക