മണിരത്നം ഇപ്പോള്‍ ‘കടല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. ഒരു പ്രണയകഥയാണ് ഇത്തവണ മണിരത്നം പറയുന്നത്. തെലുങ്കിലെ പുതിയ തരംഗമായ സാമന്തയാണ് കടലില്‍ നായിക. ഈ ചിത്രത്തോടെ സാമന്ത തമിഴകത്തും ഹരമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വേറൊരു വാര്‍ത്ത, തമിഴകത്തെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായികയും സാമന്തയാണ് എന്നാണ്.
ഷങ്കറിന്‍റെ ‘തേര്‍തല്‍’ എന്ന ചിത്രത്തിലാണ് സാമന്ത നായികയാകുന്നത്. വിക്രം നായകനാകുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. പറഞ്ഞുവന്നത് മണിരത്നവും ഷങ്കറും തമ്മിലുള്ള ആ ബന്ധത്തിന്‍റെ കഥ ഇവിടെയും തുടരുകയാണ് എന്ന് അറിയിക്കാനാണ്. മണിരത്നം തന്‍റെ ചിത്രത്തില്‍ അവതരിപ്പിക്കുന്ന നായികയെ തൊട്ടടുത്ത സിനിമയില്‍ ഷങ്കറും തെരഞ്ഞെടുക്കുന്ന പതിവ് തുടരുകയാണ്. തന്‍റെ ആദ്യ ചിത്രമായ ജെന്‍റില്‍മാന്‍ മുതല്‍ നായികയുടെ കാര്യത്തില്‍ മണിരത്നത്തെ ഷങ്കര്‍ പിന്തുടരുകയാണെന്നു കാണാം.
മണിരത്നത്തിന്‍റെ ‘റോജ’യിലെ നായികയായ മധുബാലയെയാണ് ഷങ്കര്‍ ജന്‍റില്‍മാനില്‍ നായികയാക്കിയത്. പിന്നീട് മണിരത്നം ‘ബോംബെ’ എന്ന ചിത്രം എടുത്തു. മനീഷ കൊയ്‌രാളയായിരുന്നു നായിക. ഷങ്കറാകട്ടെ ഇന്ത്യനിലും മുതല്‍വനിലും മനീഷയെ നായികയാക്കി.
‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെ ലോകസുന്ദരി ഐശ്വര്യ റായിയെ മണിരത്നം സിനിമാലോകത്ത് അവതരിപ്പിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം ഷങ്കര്‍ തന്‍റെ ‘ജീന്‍സ്’ എന്ന ചിത്രത്തില്‍ ഐശ്വര്യയെ നായികയാക്കി. ‘യുവ’ എന്ന ഹിന്ദി ചിത്രത്തില്‍ ഒരു നായികയായി മണിരത്നം അവതരിപ്പിച്ചത് റാണി മുഖര്‍ജിയെയായിരുന്നു. ഷങ്കര്‍ തന്‍റെ മുതല്‍വന്‍ എന്ന ചിത്രം ഹിന്ദിയില്‍ ‘നായക്’ എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ നായിക റാണി മുഖര്‍ജി.
‘രാവണ’ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയെ മണിരത്നം വീണ്ടും നായികയാക്കി. ഷങ്കര്‍ തന്‍റെ മെഗാ പ്രൊജക്ടായ യന്തിരനില്‍ നായികയാക്കിയതും ഐശ്വര്യയെത്തന്നെ. ഇപ്പോഴിതാ സാമന്തയും. ഇനി പറയൂ, നായികയുടെ കാര്യത്തില്‍ ഷങ്കര്‍ മണിരത്നത്തെ പിന്തുടരുകയല്ലേ?