മഞ്ജു വാര്യര്‍ക്ക് മൂന്ന് മോഹന്‍ലാല്‍ സിനിമകള്‍!

ചൊവ്വ, 13 ജനുവരി 2015 (14:37 IST)
മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കഥ ആലോചിക്കുമ്പോല്‍ മഞ്ജു വാര്യര്‍ക്ക് കൂടി പെര്‍ഫോം ചെയ്യാന്‍ തക്ക രീതിയിലുള്ള നായികാവേഷം എഴുതിയുണ്ടാക്കാന്‍ തിരക്കഥാകൃത്തുക്കള്‍ ശ്രമിക്കുന്നു എന്നാണ് മല്ലുവുഡിലെ പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ കോമ്പിനേഷനാണ് മലയാളത്തില്‍ ഇന്നേറ്റവും മൂല്യമുള്ളത് എന്ന് സംവിധായകരും തിരക്കഥാകൃത്തുക്കളും തിരിച്ചറിഞ്ഞിരിക്കുന്നു.
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലാലും മഞ്ജുവും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാലും മഞ്ജുവും തന്നെ ജോഡി.
 
പുതിയ വിവരം, രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്കും നായികയായി മഞ്ജു വാര്യരെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നാണ്. ഇതിനായി ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുന്നതായി വിവരമുണ്ട്.
 
രഞ്ജിത് തിരക്കഥയെഴുതിയ ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബേത്‌ലഹേം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ - മഞ്ജു ടീമിന്‍റെ പ്രകടനം കണ്ട് വിസ്മയിച്ചവരാണ് മലയാളികള്‍. വീണ്ടും അത്തരമൊരു മനോഹരസിനിമ ഈ കൂട്ടുകെട്ടില്‍ പിറക്കുമോ എന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക