മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ അമൂല്യമായ രണ്ട് പേരുകള്‍ കാണാം - ഭരതനും പത്മരാജനും. ഇവര്‍ മലയാളത്തിന് നല്‍കിയ സിനിമാസംഭാവനകള്‍ വിസ്മരിക്കാനാവില്ല. തകരയും രതിനിര്‍വേദവും ലോറിയും ഒഴിവുകാലവും ഈണവും പ്രയാണവുമെല്ലാം ഒരുനിമിഷം കൊണ്ട് ഓര്‍മ്മയിലേക്ക് ഓടിയെത്തും. വര്‍ഷങ്ങള്‍ക്കിപ്പുറം, ഭരതന്‍റെയും പത്മരാജന്‍റെയും മക്കള്‍ ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതാണ് കൌതുകകരമായ വാര്‍ത്ത.
ഭരതപുത്രനായ സിദ്ദാര്‍ത്ഥ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയെഴുതും. സിദ്ദാര്‍ത്ഥ് ഭരതന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“അച്‌ഛന്‍റെ എക്കാലത്തെയും നല്ല സഹയാത്രികനായിരുന്നു പത്മരാജന്‍ സാര്‍. അദ്ദേഹത്തിന്‍റെ ജീവിതവും സിനിമയും എല്ലാം ഇന്നും മനസുനിറയ്‌ക്കുന്നു. അദ്ദേഹത്തിന്‍റെ മകന്‍ അനന്തപത്മനാഭനുമായി ചേര്‍ന്നുള്ള ഒരു സിനിമ ഉടനെയുണ്ടാകും. ഭാര്‍ഗ്ഗവീനിലയം ഉള്‍പ്പെടെ പല കഥകളും ചര്‍ച്ച ചെയ്‌തുവെങ്കിലും ഒന്നും ശരിയായില്ല. അനന്തപത്മനാഭന്‍റെ തിരക്കഥയില്‍ ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമ അധികം വൈകില്ല” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദാര്‍ത്ഥ് പറയുന്നു.
‘നിദ്ര’ എന്ന സിനിമയോടെ ശക്തമായ ചുവടുവയ്പുകളുമായി സംവിധാനകലയിലേക്ക് കടന്നിരിക്കുകയാണ് സിദ്ദാര്‍ത്ഥ് ഭരതന്‍. നിദ്രയുടെ തിരക്കഥ തയ്യാറാക്കിയത് സന്തോഷ് ഏച്ചിക്കാനമാണ്. സിദ്ദു സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്കും തിരക്കഥയെഴുതുന്നത് സന്തോഷാണ്. അതിന് ശേഷം അനന്തപത്മനാഭന്‍റെ തിരക്കഥയിലുള്ള സിനിമ പിറവിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.