ബോഡി ഗാര്‍ഡിനു ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍സ് നായികയാകുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.
‘എലക്ട്ര’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എലക്ട്ര അലക്സാണ്ടര്‍ എന്ന കഥാപാത്രമാണ് നയന്‍സിനായി ശ്യാമപ്രസാദ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തമിഴ് താരം ആര്യയാണ് ഈ ചിത്രത്തിലെ നായകന്. ആര്യ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണിത്.
നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന എലക്ട്ര നിര്‍മ്മിക്കുന്നത് രസിക എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ വിന്ധ്യമാണ്. ഒരേ കടലിന് ശേഷം ശാമപ്രസാദും വിന്ധ്യനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് എലക്ട്ര.
ഒരു റൊമാന്റിക് ത്രില്ലറാണ് ഈ സിനിമയെന്നാണ് സൂചന. മലയാള സിനിമയിലെ നായികാസങ്കല്പ്പങ്ങള് ഉടച്ചുവാര്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും നയന്‍താര അവതരിപ്പിക്കുന്ന എലക്ട്ര അലക്സാണ്ടറെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഋതു’ പ്രദര്ശനത്തിനൊരുങ്ങുകയാണ്.