ദൃശ്യം 35 കോടി കടക്കും?

ചൊവ്വ, 28 ജനുവരി 2014 (18:12 IST)
PRO
‘ദൃശ്യം’ ദൃശ്യവിസ്മയമായി മാറിയതിന്‍റെ പല കഥകള്‍ കേട്ടുകഴിഞ്ഞു. സിനിമ ചരിത്ര വിജയമായി മാറി. എന്തായാലും മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായ ഈ സിനിമ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന് കോടികളുടെ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്.

ആദ്യ അമ്പത് ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 20 കോടിയോളം രൂപയുടെ കളക്ഷന്‍ ദൃശ്യം നേടിക്കഴിഞ്ഞതായാണ് സൂചന. ചിത്രം നൂറുനാള്‍ പിന്നിടുമ്പോള്‍ കളക്ഷന്‍ 35 കോടി കടക്കുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന് ഇതുവരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘ട്വന്‍റി20’ 120 ദിവസങ്ങള്‍ കൊണ്ട് നേടിയ കളക്ഷന്‍ 31 ദിവസങ്ങള്‍ കൊണ്ട് മറികടന്ന് ദൃശ്യം അത്ഭുതമായി മാറുകയായിരുന്നു. കേരളത്തിലും പുറത്തും എല്ലാ കേന്ദ്രങ്ങളിലും ദൃശ്യം ഇപ്പോഴും എല്ലാ ഷോയും ഹൌസ്ഫുള്ളാണ്. ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അണിയറപ്രവര്‍ത്തകരും പറയുന്നത്.

അതേസമയം, ദൃശ്യത്തിന്‍റെ റീമേക്കുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെലുങ്കില്‍ വെങ്കിടേഷ് നായകനാകുമെന്ന് ഏതാണ്ട് ഉറപ്പായി. തമിഴില്‍ അജിത് അഭിനയിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക