തട്ടത്തിന്‍ മറയത്തെ പ്രണയം ഇനി തെലുങ്കിലും!

തിങ്കള്‍, 31 മാര്‍ച്ച് 2014 (16:41 IST)
PRO
മലയാളത്തിലെ മെഗാഹിറ്റ് സിനിമ ‘തട്ടത്തിന്‍ മറയത്ത്’ ഇനി തെലുങ്കിലേക്കും. തെലുങ്ക് നടന്‍ എം എസ് നാരായണന്‍റെ മകള്‍ ശശികിരണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തട്ടത്തിന്‍ മറയത്തിന്‍റെ റീമേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിവിന്‍ പോളിയും ഇഷാ തല്‍‌വാറുമായിരുന്നു തട്ടത്തിന്‍ മറയത്തിലെ താരങ്ങള്‍. തെലുങ്കില്‍ പുതുമുഖങ്ങളായ ദിലീപും പ്രിയയും മുഖ്യവേഷങ്ങളിലെത്തും. ഷാന്‍ റഹ്‌മാന്‍ തന്നെയായിരിക്കും സംഗീതം.

രമ്യ നമ്പീശനും സച്ചിന്‍ വാര്യരും തെലുങ്ക് ചിത്രത്തിലും സഹകരിക്കുന്നുണ്ട്. കുറച്ചുരംഗങ്ങള്‍ കേരളത്തിലും ചിത്രീകരിക്കുന്നു എന്നതാണ് പ്രത്യേകത.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് 2012 ജൂലൈ ആറിനാണ് റിലീസായത്. മൂന്നരക്കോടി മുതല്‍മുടക്കിയ സിനിമ അതിന്‍റെ എത്രയോ ഇരട്ടി തിരിച്ചുപിടിച്ചു. ലൂമിയര്‍ ഫിലിംസിന്‍റെ ബാനറില്‍ മുകേഷും ശ്രീനിവാസനും നിര്‍മ്മിച്ച സിനിമ ലാല്‍ ജോസാണ് വിതരണം ചെയ്തത്.

വെബ്ദുനിയ വായിക്കുക