ഇന്ദ്രജിത്തിന് ചെന്നൈയില്‍ നിന്ന് ഒരു കോള്‍ (കോളടിച്ചല്ലോ!)
വ്യാഴം, 1 മാര്‍ച്ച് 2012 (15:04 IST)
PRO
‘രണ്ടാമൂഴം’ ഇനി എന്നെങ്കിലും സംഭവിക്കുമോ? അറിയില്ല. സിനിമയില്‍ അങ്ങനെ ഒന്നിനെക്കുറിച്ചും ഉറപ്പിച്ചുപറയാന്‍ കഴിയില്ലല്ലോ. പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് സിനിമ. ഇന്ദ്രജിത്ത് എന്ന നടനും അത് അപ്രതീക്ഷിതമായിരുന്നു. ഒരു ഫോണ്‍കോള്‍. ചെന്നൈയില്‍ നിന്ന്.
എന്തായിരുന്നു ആ കോളിന്‍റെ കണ്ടന്‍റ് എന്നല്ലേ? ‘ഉടന്‍ തയ്യാറാവുക. എം ടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രം. നായകന്‍ ഇന്ദ്രജിത്ത്’. ഇന്ദ്രന് അക്കാര്യം വിശ്വസിക്കാന്‍ തന്നെ ഏറെ സമയം വേണ്ടിവന്നു. സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ എഴുതുന്ന സിനിമയില്‍ താന്‍ നായകന്‍. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ സൃഷ്ടിച്ച ഹരിഹരന്‍റെ ചിത്രത്തില്‍ നായകന്‍.
പല കാരണങ്ങളാല്‍ ‘രണ്ടാമൂഴം’ നിര്‍ത്തിവച്ചപ്പോഴാണ് മറ്റൊരു സിനിമ ഉടന്‍ ചെയ്യുക എന്ന ആശയത്തിലേക്ക് ഹരിഹരനും എം ടിയും എത്തിയത്. ഒരു ചെറിയ സിനിമ. എന്നാല്‍ വളരെ പ്രസക്തിയുള്ള വിഷയം. ഇന്ദ്രജിത്തിനെ നായകനാക്കാന്‍ തീരുമാനിച്ചു. ഹരിഹരന്‍ തന്നെ ചിത്രം നിര്‍മ്മിക്കാനും തീരുമാനിച്ചു.
പരിണയം, സര്‍ഗം, ആരണ്യകം, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ സിനിമകളുടെ ശ്രേണിയിലേക്ക് ഒരു ചിത്രം കൂടി. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് ഹരിഹരന്‍ തീരുമാനിച്ചിരിക്കുന്നത്. താരനിര്‍ണയം നടന്നുവരുന്നു.