ആസിഫ് അലിയെ പൃഥ്വി സഹായിച്ചാല്‍, പൃഥ്വിയെ ആസിഫും സഹായിക്കും !

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2015 (19:08 IST)
മലയാള സിനിമയില്‍ ഇപ്പോള്‍ സൌഹൃദക്കൂട്ടായ്മകള്‍ കുറയുകയാണോ? പഴയകാലത്തെ അപേക്ഷിച്ച് കുറയുകയാണെന്ന് പറയുന്നുണ്ടെങ്കിലും അത്തരം കൂട്ടായ്മകള്‍ മൊത്തമായി നഷ്ടപ്പെട്ടു എന്ന് പറയുക വയ്യ. സൌഹൃദത്തിന്‍റെ പുറത്ത് മാത്രം നിര്‍മ്മിക്കപ്പെടുന്ന എത്രയോ സിനിമകള്‍ ഇക്കാലത്തുണ്ടായി! വിനീത് ശ്രീനിവാസനെ കേന്ദ്രീകരിച്ചുതന്നെ എത്ര സിനിമകള്‍ രൂപപ്പെട്ടു!
 
ഇപ്പോഴിതാ, ആസിഫ് അലിയെ നായകനാക്കി പൃഥ്വിരാജ് സിനിമ നിര്‍മ്മിക്കുകയാണ്. ‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്നാണ് ചിത്രത്തിന് പേര്. അങ്ങനെ സ്വന്തം നിര്‍മ്മാണക്കമ്പനി ഒരുക്കുന്ന ചിത്രങ്ങളില്‍ മറ്റ് താരങ്ങളെ നായകന്‍‌മാരാക്കുന്ന എത്ര താരങ്ങളുണ്ടാവും? അപൂര്‍വ്വം എന്നല്ലേ പറയാനുള്ളൂ.
 
വേറൊരു വാര്‍ത്ത കേട്ടോ? ആസിഫ് അലി നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ പൃഥ്വിരാജാണ് നായകന്‍. ‘ബ്യൂട്ടിഫുള്‍ ഗെയിം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജമേഷ് കോട്ടയ്ക്കലാണ്. മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്.
 
ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ എന്ന ബാനറില്‍ ആസിഫ് അലി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രം കോഹിനൂര്‍ ആയിരുന്നു.
 
എന്തായാലും മറ്റുതാരങ്ങളുടെ സിനിമ നിര്‍മ്മിച്ചുകൊണ്ട് കൂടുതല്‍ യുവതാരങ്ങള്‍ രംഗത്തുവരട്ടെ എന്ന് ആശംസിക്കുന്നു.