ആഷിക് അബു - മോഹന്‍ലാല്‍ ചിത്രം: “കൊടുങ്കാറ്റ്” !

ശനി, 16 ഫെബ്രുവരി 2013 (17:22 IST)
PRO
മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു ആഷിക് അബുവിന്‍റെ കടന്നുവരവ്. ‘ഡാഡികൂള്‍’ പക്ഷേ ഒരു പരാജയമായിരുന്നു. ആ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളില്‍ ആവശ്യത്തിനുപോലും ഡയലോഗുകളില്ല എന്നതായിരുന്നു പരാജയ കാരണമായി ആഷിക് അബു തിരിച്ചറിഞ്ഞത്. അതിനുപരിഹാരമായി, അടുത്ത ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഡയലോഗുകള്‍ എഴുതിക്കൂട്ടി. പടം ഹിറ്റുമായി - സോള്‍ട്ട് ആന്‍റ് പെപ്പര്‍!

സോള്‍ട്ട് ആന്‍റ് പെപ്പറിന്‍റെ വന്‍ വിജയം ആഷിക് അബുവിനെ സംവിധായകരിലെ സൂപ്പര്‍താരമാക്കി. അടുത്ത ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു - 22 ഫീമെയില്‍ കോട്ടയം. പിന്നീട് വന്നത് ‘ടാ തടിയാ’ എന്ന സിനിമ. വരിക്കാശ്ശേരി മനയില്‍ തളയ്ക്കപ്പെട്ടിരുന്ന മലയാള സിനിമയെ സ്വതന്ത്രമാക്കിയ സംവിധായകരില്‍ പ്രമുഖനാണ് ആഷിക് അബു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ അടുത്ത പ്രൊജക്ടുകള്‍ക്കായി മലയാളികള്‍ കാത്തിരിക്കുകയാണ്.

‘ഇടുക്കി ഗോള്‍ഡ്’ എന്ന കോമഡി ത്രില്ലറാണ് ആഷിക് അബുവിന്‍റെ അടുത്ത സിനിമ. ലാലും മണിയന്‍‌പിള്ള രാജുവുമാണ് നായകന്‍‌മാര്‍. അതിന് ശേഷം മമ്മൂട്ടി നായകനാകുന്ന ഗാംഗ്സ്റ്റര്‍. അത് ഒരു അധോലോക ചിത്രമാണ്. അതിന് ശേഷമുള്ള പ്രൊജക്ടാണ് സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ആഷിക് അബു ഒരു സിനിമയൊരുക്കുന്നു. ‘കൊടുങ്കാറ്റ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മൂന്ന് മാസം മുമ്പാണ് ഈ സിനിമ സംബന്ധിച്ച് മോഹന്‍ലാലും ആഷിക് അബുവും തമ്മില്‍ അവസാനവട്ട ചര്‍ച്ച നടത്തിയത്. സിനിമയുടെ തിരക്കഥാരചന ആരംഭിച്ചതായാണ് വിവരം.

ക്രിസ്മസ് കാലയളവിലായിരിക്കും കൊടുങ്കാറ്റിന്‍റെ ചിത്രീകരണം ആരംഭിക്കുക. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് സൂചന.

വാല്‍ക്കഷണം: 1983ല്‍ ജോഷി സംവിധാനം ചെയ്ത ഒരു സിനിമയുടെ പേരും ‘കൊടുങ്കാറ്റ്’ എന്നായിരുന്നു. മമ്മൂട്ടിയും പ്രേം‌നസീറുമായിരുന്നു ആ ചിത്രത്തിലെ താരങ്ങള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം കൊടുങ്കാറ്റ് എന്ന പേരില്‍ മറ്റൊരു ചിത്രം ജനിക്കുമ്പോള്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ നായകനാകുന്നു എന്നതിലാണ് കൌതുകം.

വെബ്ദുനിയ വായിക്കുക