അനൂപ് കഥയെഴുതുകയാണ്

വ്യാഴം, 16 ഏപ്രില്‍ 2009 (17:54 IST)
PROPRO
നടന്‍ അനൂപ് മേനോന്‍ തിരക്കഥാ രചനാ രംഗത്ത് സജീവമാകുകയാണ്. അനൂപിന്‍റെ ആദ്യ മലയാളം തിരക്കഥയായ ‘പകല്‍ നക്ഷത്രങ്ങള്‍’ ഏറെ നിരൂപക പ്രശംസ നേടിയതോടെയാണ് ഈ രംഗത്ത് തുടരാന്‍ അനൂപ് തീരുമാനിച്ചത്. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചുവരുന്ന അനൂപ് നിലവില്‍ രണ്ട് ചിത്രങ്ങള്‍ക്കാണ് തിരക്കഥയെഴുതുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മുംബൈ ഡ്രീംസ്’ എന്ന ചിത്രത്തിനാണ് അനൂപ് ഇപ്പോള്‍ രചന നിര്‍വഹിക്കുന്നത്. പൂര്‍ണമായും മുംബൈയില്‍ ചിത്രീകരിക്കുന്ന ഈ സിനിമ മനോഹരമായ ഒരു പ്രണയകഥയാണ്. വിവാഹമോചിതരായ ദമ്പതികള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ തുടര്‍ന്നും ജീവിക്കേണ്ടി വരികയും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ആകസ്മികതകളുമാണ് ചിത്രത്തിന്‍റെ പ്രമേയം. തമിഴ് മെഗാഹിറ്റായ മൌനരാഗത്തിനോട് സാദൃശ്യമുള്ള കഥയാണ് മുംബൈ ഡ്രീംസിന്‍റേത്.

കൊമേഴ്സ്യല്‍ ചേരുവകളുള്ള തിരക്കഥയാണ് ഈ സിനിമയ്ക്ക് വേണ്ടി അനൂപ് മേനോന്‍ രചിക്കുന്നത്. അനൂപ് മേനോന്‍ തന്നെ നായകനാകുന്ന ചിത്രത്തില്‍ മം‌മ്തയാണ് നായിക. പാതിരാമണല്‍ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം എം പത്‌മകുമാര്‍ മുംബൈ ഡ്രീംസിന്‍റെ ചിത്രീകരണം ആരംഭിക്കും.

‘അക്കങ്ങള്‍’ എന്ന ചിത്രത്തിനാണ് അനൂപ് അടുത്തതായി തിരക്കഥ രചിക്കുന്നത്. ഈ സിനിമ അക്കങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്നു. ബൌദ്ധികമായി മുന്നിട്ടു നില്‍ക്കുന്ന ഒരു രചനയായിരിക്കും ഇത്.

വെബ്ദുനിയ വായിക്കുക