അത് രജനികാന്തിന് ചെയ്യാവുന്നതേയുള്ളൂ, മമ്മൂട്ടി വരേണ്ട കാര്യമില്ല!

ശനി, 28 മെയ് 2016 (15:54 IST)
‘ദളപതി’ മാസുമാണ് ക്ലാസുമാണ്. മണിരത്നത്തിന്‍റെ ആ മെഗാഹിറ്റ് ചിത്രത്തിന്‍റെ വിജയത്തില്‍ രജനികാന്തിനും മമ്മൂട്ടിക്കും തുല്യാവകാശമാണ്. രജനികാന്തിന്‍റെ പുതിയ സിനിമ ‘കബാലി’യില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പെട്ടെന്ന് പടര്‍ന്നതോടെ മമ്മൂട്ടി - രജനി ആരാധകര്‍ ആവേശം കൊണ്ടു.
 
എന്നാല്‍ കബാലിയില്‍ മമ്മൂട്ടി ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. കബാലിയുടെ വിക്കി പേജില്‍ മമ്മൂട്ടിയുടെ പേര് ഏതോ വിരുതന്‍ എഡിറ്റ് ചെയ്തുചേര്‍ത്തതാണ് തെറ്റിദ്ധാരണ പരക്കാന്‍ കാരണം. എന്തായാലും മമ്മൂട്ടി ഈ സിനിമയില്‍ ഇല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
 
ദളപതിയില്‍ രജനികാന്തിന്‍റെ ഹീറോയിസത്തിന് മുഴുവന്‍ തണലായി നിന്നത് മമ്മൂട്ടിയാണ്. കബാലിയില്‍ രജനികാന്തിന് ചെയ്യാവുന്ന കാര്യങ്ങളേയുള്ളൂ, മമ്മൂട്ടിയുടെ ആവശ്യമില്ല എന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്.
 
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി ഒരു അധോലോകനായകന്‍റെ കഥയാണ് പറയുന്നത്. ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ രാധിക ആപ്തേയാണ് നായിക.

വെബ്ദുനിയ വായിക്കുക