അത് മൌനരാഗമാണോ? മണിരത്നത്തിന്‍റെ മനസറിയാതെ തമിഴകം

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (17:31 IST)
കമല്‍ഹാസന്‍ നായകനായ ശിങ്കാരവേലന്‍ എന്ന ചിത്രത്തില്‍ ഒരു പാട്ടുണ്ട് - "പൊട്ടുവൈത്ത കാതല്‍ തിട്ടം ഓകെ കണ്‍‌മണീ". ഈ വരിയിലെ 'ഓകെ കണ്‍‌മണീ' അടര്‍ത്തിയെടുക്കുകയാണ് സാക്ഷാല്‍ മണിരത്നം. അതെ, മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഓകെ കണ്‍‌മണീ' എന്ന് പേരിട്ടു.
 
ഈ സിനിമ 'മൌനരാഗം' എന്ന പഴയ മണിരത്നം ഹിറ്റിന്‍റെ റീമേക്കാണെന്ന് റൂമറുണ്ട്. കാലികമായ മാറ്റങ്ങളോടെ മൌനരാഗം വീണ്ടും വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഏതെങ്കിലും സിനിമ റീമേക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളയാളല്ല മണിരത്നം. പുതിയ കാഴ്ചകള്‍ കാണാനും അത് കാഴ്ചക്കാരിലേക്ക് പകരാനുമാണ് മണിരത്നം എന്നും ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ മണിരത്നം വ്യക്തമായ മറുപടി നല്‍കുന്നതുവരെ ഊഹാപോഹങ്ങളില്‍ അഭിരമിക്കുകയാണ് തമിഴ് സിനിമാലോകം.
 
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് നായിക. പ്രകാശ് രാജും കനിഹയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
മണിരത്നത്തിന്‍റെ ബ്ലോക്ക് ബസ്റ്റര്‍ റൊമാന്‍റിക് ചിത്രമായ 'അലൈ പായുതേ' പോലെ ഒരു പ്രണയകഥ തന്നെയാണ് ഓകെ കണ്‍‌മണീ. 50 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്തവര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തിക്കാനാണ് മണിരത്നത്തിന്‍റെ പദ്ധതി. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന് പി സി ശ്രീറാമാണ് ക്യാമറ ചലിപ്പിക്കുന്നത്.