അടൂരിന്‍റെ (നാല്) പെണ്ണുങ്ങളുടെ കഥ

WDFILE
പ്രത്യക്ഷത്തില്‍ പരസ്പരബന്ധമില്ലാത്ത നാലുകഥകള്‍‍. നാലു കാലഘട്ടത്തില്‍ നാല്‌ സാമ്പത്തിക സാഹചര്യങ്ങളിലുള്ള കേരളത്തിലെ പെണ്ണുങ്ങളുടെ കഥ. തകഴിയുടെ ഈ കഥകളെ ബോധപൂര്‍വ്വം ബന്ധിപ്പിക്കാന്‍ സംവിധായകന്‍ ഒന്നും ചെയ്യുന്നില്ല. സ്ത്രീ എന്ന പൊ‍തു അനുഭവം നാല്‌ കഥകളെയും ബന്ധിപ്പിക്കുന്നു. അടൂര്‍ നാലെന്ന്‌ പറഞ്ഞെങ്കിലും ‘നാലുപെണ്ണുങ്ങള്‍’‍, വെറും നാല് പെണ്ണുങ്ങളുടെ മാത്രം കഥയല്ല, കുറേ പെണ്ണുങ്ങളുടെ കഥയാണ്‌.

ഉച്ചപ്പടങ്ങളുടെ വിരസതയോ സൈദ്ധാന്തികഭാരമോ അനുഭവിപ്പിക്കാതെ കേരളത്തിന്‍റെ ഏത്‌ നാട്ട്‌ മൂലയിലും കാണാവുന്ന കുറേ പെണ്ണുങ്ങളുടെ ഇടയിലേക്കാണ്‌ അടൂര്‍ അനുവാചകനെ കൂട്ടികൊണ്ട്‌ പോകുന്നത്‌. ദ്രവിച്ച്‌ നാറിയ മലായാളി ജീവിതത്തോടുള്ള സംവിധായകന്‍റെ കടുത്ത പരിഹാസമാണ്‌ നാലുപെണ്ണുങ്ങളെ ബന്ധിപ്പിക്കുന്ന പൊതു ഘടകം.

രാത്രിയില്‍ പ്രലോഭനങ്ങളുമായി പിന്നാലെ കൂടുന്ന പകല്‍മാന്യന്മാര്‍, കുടുംബത്തിന്‌ വേണ്ടി അലിഞ്ഞു തീരുന്ന പെണ്ണുങ്ങള്‍, കുടുംബത്തിനുള്ളിലെ സ്വാര്‍ത്ഥത, ഒറ്റക്ക്‌ ജോലി ചെയ്ത്‌ ജീവിക്കാന്‍ പെണ്ണിനെ അനുവദിക്കാത്ത സമൂഹിക സാഹചര്യം എല്ലാം കേരളീയ സമൂഹത്തിന്‍റെ മുഖമുദ്രകളാണെന്ന്‌ വിളിച്ചു പറയുകയാണ് അടൂര്‍.

ആലപ്പുഴപ്രദേശത്തെ നാല്‍പതുകളിലും അറുപതുകളിലും ജീവിച്ച പെണ്ണുങ്ങളെ കുറിച്ചാണ്‌ സിനിമയെങ്കിലും ഏറ്റവും സമകാലീനമായ പെണ്ണനുഭവങ്ങളാണ് സിനിമയില്‍. സാധാരണപ്രേക്ഷകര്‍ക്ക്‌ ദഹിക്കാത്ത രീതിയില്‍ സിനിമ എടുക്കുന്നു, കേരളത്തിന്‍റെ സമകാലിന സാഹചര്യങ്ങളെ കുറിച്ച്‌ സിനിമ എടുക്കുന്നില്ല എന്നിങ്ങനെ അടൂരിന്‌ മേല്‍ കെട്ടിവയ്ക്കപ്പെടുന്ന രണ്ട്‌ ആരോപണങ്ങള്‍ക്ക്‌ സിനിമ മറുപടി പറയുന്നു.

ഒരു നിയമലംഘനത്തിന്‍റെ കഥ

കുഞ്ഞിപ്പെണ്ണ്‌ (പത്മപ്രിയ) തെരുവ്‌ വേശ്യയാണ്‌. കടത്തിണ്ണയില്‍ കഴിയുന്ന ആണൊരുത്തന്‍ ആവളെ സ്വീകരിക്കുന്നു. അവളെ വേശ്യയായി തന്നെ കാണാനാണ്‌ പുറംലോകത്തിനിഷ്ടം. റോഡ്‌ പണിയെടുത്ത്‌ സ്വന്തം ഇഷ്ടപ്രകാരം അവള്‍ക്ക്‌ ജീവിക്കാനാകുന്നില്ല. കടത്തിണ്ണയില്‍ അനാശ്യം നടത്തിയെന്ന പേരില്‍ കോടതി അവരെ ശിക്ഷിക്കുന്നു. “ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണ്‌” എന്ന അവരുടെ അവകാശവാദം കോടതിയില്‍ പെട്ടിച്ചിരി ഉണര്‍ത്തുന്നു.

കന്യക

രോഗിയായ അച്ഛനെ പണിയെടുത്ത്‌ പോറ്റുന്ന കുമാരിയെ (ഗീതുമോഹന്‍ദാസ്‌) വിവാഹം ചെയ്യുന്നത് നാരായണനാണ് ‍(നന്ദു). കുമാരി ചിട്ടി പിടിച്ചുണ്ടാക്കിയ 500 രൂപ സ്ത്രീധനം. സ്വന്തമായി കടനടത്തുന്ന നാരായണന്‌ പെണ്ണിനേക്കാള്‍ നല്ല ഭക്ഷണത്തോടാണ് താത്പര്യം. “ഇവിടെ എല്ലാം പുളിശേരി കഴിഞ്ഞാണോ പായസം” എന്നത് മാത്രമാണ് ആത്മാര്‍ത്ഥമായി അയാള്‍ ചോദിക്കുന്ന ഏക കാര്യം. കല്യാണം കഴിഞ്ഞെങ്കിലും കുമാരി കന്യകയാണ്‌. ഒരു ദിവസം നാരായണന്‍ കുമാരിയെ വീട്ടില്‍ കൊണ്ടാക്കുന്നു. കുമാരി ദുര്‍നടപ്പുകാരിയാണെന്ന്‌ ആരോപണം. പേരുദോഷം മാറാന്‍ കല്യാണം ഒഴിയുന്നത്‌ പോരാഞ്ഞ്‌ 1500 രൂപ അങ്ങോട്ട്‌ കൊടുക്കണമെന്ന്‌ ആവശ്യം.

ചിന്നു അമ്മ

മധ്യവയസിലെത്തിയ ചിന്നു(മഞ്ജുപിള്ള) പ്രസവിച്ചിട്ടില്ല. ഭര്‍ത്താവ്‌ രാമന്‍പിള്ളക്കും(മുരളി) ഇക്കാര്യത്തില്‍ വിഷമമുണ്ട്‌. ചിന്നുവിന്‍റെ പഴയകാല സുഹൃത്ത്‌ നാറാപിള്ള (മുകേഷ്‌)കുഞ്ഞിനെ സമ്മാനിക്കാമെന്ന സുന്ദര വാഗ്ദാനവുമായി എത്തുന്നു. ചിന്നു നാറാപിള്ളയുടെ പ്രലോഭനത്തിന്‌ മുന്നില്‍ പതറുന്നു. എങ്കിലും പിടിച്ചു നില്‍ക്കുന്നു.

നിത്യകന്യക

കല്യാണം നടക്കാതെ ജീവിതകാലം മുഴുവന്‍ കന്യകയായി കഴിയുന്ന കാമാക്ഷി(നന്ദിതദാസ്‌)യുടെ കഥ. കാമാക്ഷിയെ പെണ്ണുകാണാന്‍ എത്തുന്നവന്‍(രവി വള്ളത്തോള്‍) അനുജത്തിയെ(കാവ്യാമാധവന്‍) കെട്ടുന്നു. ഇളയ അനുജനും(അശോകന്‍) നല്ല വിവാഹം ഒത്തു കിട്ടുമ്പോള്‍ നടത്തുന്നു. ഏറ്റവും ഇളയവള്‍ക്കും വരനെ കിട്ടുന്നു. അമ്മ കൂടി മരിക്കുന്നതോടെ കാമാക്ഷി ഒറ്റക്കാവുന്നു. അനുജത്തിമാരുടെ ജീവിതവും കാമാക്ഷിയുടെ ഒറ്റക്കുള്ള ജീവിതം അസ്വസ്ഥമാക്കുന്നു.രാത്രിയില്‍ പ്രലോഭനങ്ങളുമായി വാതിലുകള്‍ ചിലക്കുന്നു. ‘ഒരു പെണ്ണിന്‌ ആണ്‍ തുണയില്ലാതെ ജീവിക്കണമെന്ന്‌’ തെളിയിക്കാന്‍ കാമാക്ഷി ജീവിക്കുന്നു.

ചെറിയ കഥാപാത്രങ്ങള്‍ പോലും ഊര്‍ജ്ജവത്തായ സാന്നിധ്യമാകുന്നു എന്നതാണ്‌ നാല്‍പെണ്ണുങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. മുഖ്യധാര സിനിമയില്‍ കോമാളി വേഷം മാത്രം ചെയ്തിട്ടുള്ള നന്ദു എന്ന നടന്‍ സിനിമ കാണുന്നവരില്‍ തീര്‍ച്ചയായും ചിരി പടര്‍ത്തും. തന്‍റെ സിനികളില്‍ അടൂര്‍ നടത്തുന്ന കാസ്റ്റിംഗിലെ വൈഭവം ഈ ചിത്രത്തിനും ഉണ്ട്.

മങ്കട രവിവര്‍മ്മയുടെ കാമറയിലൂടെ മാത്രമാണ്‌ അടൂര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ഇത്തവണ എം ജി രാധാകൃഷ്ണനാണ്‌ അടൂരിന്‍റെ ഷോട്ടുകള്‍ പകര്‍ത്തിയിരിക്കുന്നത്‌. ചിത്രസന്നിവേശത്തിലും ശബ്ദമിശ്രണത്തിലും വേഷവിധാനങ്ങളിലും മാസ്റ്റര്‍ സംവിധായകന്‍റേതായ ഒരു നിഷ്കര്‍ഷ കാണാനാകുന്നതാണ്‌. ഒന്നും അധികമല്ല.

‘ചെമ്മീന്‍’ സിനിമയില്‍ കടപ്പുറത്തുള്ളവര്‍ സാഹിത്യരൂപത്തിലുളള മലയാളം പറഞ്ഞു എന്ന അക്ഷേപം ഉയര്‍ന്നിരുന്നു. സമാനമായ ആരോപണം ‘നാലുപെണ്ണുങ്ങളുടെ’ കാര്യത്തിലും ആരോപിക്കാം. നാലപ്തുകളിലെ മലായളമാണോ കഥാപാത്രങ്ങള്‍ പറയുന്നത്‌ എന്ന്‌ സംശയം തോന്നും. നന്ദിതാദാസിന്‍റേയും പത്മപ്രിയയുടേയും ശബ്ദങ്ങളില്‍ ഇഴയടുപ്പം നഷ്ടപ്പെടുന്നുണ്ടോ എന്നും തോന്നാം.

വെബ്ദുനിയ വായിക്കുക