ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും. 'ആമേന്‍' കഴിഞ്ഞ് വലിയ ഇടവേളയ്ക്ക് ശേഷമാണ് ലിജോ അടുത്ത സംരംഭവുമായി എത്തുന്നത്. വലിയ ബജറ്റ് ആവശ്യമായ പ്രൊജക്ട് ആയതിനാല്‍ 'ഡബിള്‍ ബാരല്‍' ഏറെ സമയമെടുത്താണ് പൂര്‍ത്തിയാക്കുന്നത്. പൃഥ്വിരാജിന്‍റെ ഓഗസ്റ്റ് സിനിമയും ആമേന്‍ മൊണാസ്റ്ററിയും ചേര്‍ന്നാണ് കോടികള്‍ മുതല്‍മുടക്കുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വലിയ താരനിരയും അസാധാരണമായ പ്രമേയവുമാണ് ഇരട്ടക്കുഴലിന്‍റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത് തുടങ്ങിയ നീണ്ടതാരനിര സിനിമയിലുണ്ട്. ഉറുമിക്ക് ശേഷം ആര്യയുടെ മലയാള സിനിമയാണ് ഡബിള്‍ ബാരല്‍. ഉറുമിയില്‍ കാമിയോ റോള്‍ ആയിരുന്നെങ്കില്‍ ഈ സിനിമയില്‍ നായകനിരയില്‍ ഒരാളാണ്.
അഭിനന്ദന്‍ രാമാനുജന്‍ ക്യാമറ ചലിപ്പിക്കുന്ന ഡബിള്‍ ബാരലിന്‍റെ സംഗീതം പ്രശാന്ത് പിള്ള. അടിയില്ല വെടി മാത്രം എന്ന ടാഗ്‌ലൈനോടെ പുറത്തിറക്കിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററിന് ഓണ്‍ലൈന്‍ ലോകത്ത് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ സകലചേരുവകളും ചേര്‍ത്താണ് ഇരട്ടക്കുഴല്‍ ഒരുക്കിയിരിക്കുന്നത്. റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. ഈ സിനിമയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആന്‍റിക്രൈസ്റ്റ് എന്ന പ്രൊജക്ട് ഒരുക്കാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ആലോചിക്കുന്നത്.