ലാലേട്ടന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല; മമ്മൂക്ക ഈസിയായി അത് ചെയ്തു തന്നു; പാര്‍വ്വതി പറയുന്നു

Webdunia
ഞായര്‍, 21 മെയ് 2017 (16:44 IST)
സിഗരറ്റ് വലിയുടെ കാര്യത്തില്‍ ഒരുകാലത്ത് മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ മറ്റൊരു നടന്‍ മലയാളത്തിലില്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇതേ മമ്മൂട്ടി നടി പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ച കഥയെ കുറിച്ച് പലര്‍ക്കും അറിയില്ല. നോ മോട്ടീവ് എന്ന ഇംഗ്ലീഷ് ചെറുകഥ ആസ്പദമാക്കി എംടി വാസുദേവന്‍ തിരക്കഥ എഴുതി പവിത്രന്‍ സംവിധാനം ചെയ്ത ചിത്രമായ ഉത്തരം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ആ സംഭവം നടന്നത്.
 
മമ്മൂട്ടി, സുകുമാരന്‍, സുപര്‍ണ, പാര്‍വ്വതി എന്നിങ്ങനെയുള്ളവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ആ ചിത്രത്തിലെ മര്‍മ്മ പ്രധാന രംഗങ്ങളിലൊന്നായിരുന്നു പാര്‍വ്വതിയും സുപര്‍ണയും തെരുവുകച്ചവടക്കാരുടെ ടെന്റില്‍ പോയി കഞ്ചാവ് വലിക്കുന്ന ഒരു സീന്‍. അതുകൂടാതെ മമ്മൂട്ടിയോട് സിഗരറ്റ് വാങ്ങി വലിച്ചു നോക്കുന്ന സീനും പാര്‍വ്വതിയ്ക്ക് ആ ചിത്രത്തിലുണ്ടായിരുന്നു. 
 
സംവിധായകന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഒന്ന് രണ്ട് തവണ സിഗരറ്റ് കത്തിച്ച് ചുണ്ടില്‍ വച്ച് സുപര്‍ണ പെട്ടന്ന് തന്നെ പുകവലിക്കാന്‍ പഠിച്ചു. എന്നാല്‍ എത്രതന്നെ ശ്രമിച്ചിട്ടും പാര്‍വ്വതിയ്ക്ക് അതിന് കഴിഞ്ഞില്ല. സിഗരറ്റ് കത്തിച്ച് ചുണ്ടില്‍ വയ്ക്കുമ്പോഴേക്കും പാര്‍വതി ചുമക്കാന്‍ തുടങ്ങി. സംവിധായകനും സഹായികളും എത്രതന്നെ ശ്രമിച്ചിട്ടും പാര്‍വ്വതിയ്ക്ക് ആ രംഗം വഴങ്ങുന്നുണ്ടായിരുന്നില്ല. 
 
ഇതെല്ലാം കണ്ട് നില്‍ക്കുകയായിരുന്നു മമ്മൂട്ടി. എല്ലാവരും പരാജയപ്പെട്ടപ്പോള്‍ ഒരു പാക്ക് സിഗരറ്റെടുത്ത് മമ്മൂട്ടി പാര്‍വ്വതിയുടെ കൈയ്യില്‍ കൊടുത്തു. എന്നിട്ട് അതില്‍ നിന്ന് ഒരെണ്ണം എടുത്ത് കത്തിക്കുകയും ചുണ്ടില്‍ വച്ച് പുകയുടെ ചുരുളുകള്‍ നല്ല സ്റ്റൈലായി പുറത്ത് വിടുകയും ചെയ്തു. ഇത് കണ്ട് പാര്‍വ്വതി ഉടന്‍ തന്നെ കൈയ്യടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കാന്‍ പാര്‍വ്വതിയോട് മമ്മൂട്ടി ആവശ്യപ്പെടുകയും ചെയ്തു.
 
മമ്മൂട്ടിയുടെ വാക്ക് കേട്ട പാര്‍വ്വതി ശ്രമം ആരംഭിച്ചു. എന്നാല്‍ എത്രതന്നെ ശ്രമിച്ചിട്ടും മമ്മൂട്ടി ചെയ്തപോലെയുള്ള പുക ചുരുളുകള്‍ പുറത്ത് വിടാന്‍ പാര്‍വ്വതിയ്ക്ക് സാധിച്ചില്ല. എന്നാല്‍ ചുണ്ടില്‍ സിഗരറ്റ് വയ്ക്കുമ്പോഴുള്ള പാര്‍വതിയുടെ ചുമ പമ്പ കടന്നിരുന്നു. സംവിധായകന് ആവശ്യമായ വിധത്തില്‍ പുകവലിക്കാനുള്ള രംഗവും പാര്‍വ്വതി അപ്പോഴേക്കും പഠിച്ചെടുക്കുകയും ചെയ്തിരുന്നു. 
Next Article