ഒരു ഹ്രസ്വചിത്രവുമായി രാം ഗോപാല്‍ വര്‍മ്മ. സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍കൊണ്ട് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞ രാമുവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തെ തന്റെ പുതിയ ഇടമായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിന്റെ ആദ്യപടിയായി സെന്‍സര്‍ഷിപ്പ് ഇല്ലാത്ത ഇന്റര്‍നെറ്റ് ലോകത്ത് സെക്‌സും വയലന്‍സും നിറഞ്ഞ തന്റെ സിനിമയായ ഗണ്‍സ് ആന്റ് തൈസ് എന്ന വെബ് സീരീസിന്റെ ഭീകര ട്രെയിലര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
അതിനുശേഷമാണ് തന്റെ കരിയറിലെ ആദ്യ ഹ്രസ്വചിത്രവുമായി രാമു എത്തിയിരിക്കുന്നത്. പേരില്‍ തന്നെ വിവാദമായാണ് ഈ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ വരവ്. 'എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍' ആകണം എന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. പേര് വിവാദം നിറഞ്ഞതാണെങ്കിലും ഒരു പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യവും അവളുടെ തീരുമാനത്തെക്കുറിച്ചുമൊക്കെയാണ് ഹ്രസ്വചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ഇതിലെ പ്രധാനതാരങ്ങള്‍.