അസാധാരണമായൊരു കാര്യത്തേക്കുറിച്ചാണ് പറയുന്നത്. ‘തീവ്രം’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം നേടിയ സംവിധായകന്‍ രൂപേഷ് പീതാംബരനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. എന്തിനാണെന്നോ? ച്യൂയിംഗം ചവച്ചതിന്!
കഴിഞ്ഞ ദിവസം കാര്‍ ഡ്രൈവ് ചെയ്തുവരുമ്പോള്‍ പൊലീസുകാര്‍ കൈകാണിച്ച് നിര്‍ത്തി. അതിന് ശേഷം ആല്‍ക്കഹോള്‍ മീറ്റര്‍ കാണിച്ച് അതിലേക്ക് ഊതാനായി ആവശ്യപ്പെട്ടു. ഊതിയപ്പോള്‍ മെഷീനില്‍ നിന്ന് ‘ബീപ്’ ശബ്ദം ഉയരുകയും ചെയ്തു.
താന്‍ ച്യൂയിംഗം ചവച്ചതേയുള്ളൂ മദ്യപിച്ചിട്ടില്ല എന്നൊക്കെ സംവിധായകന്‍ പറഞ്ഞെങ്കിലും ആരുകേള്‍ക്കാന്‍? രക്തപരിശോധന നടത്തണമെന്നായി അവര്‍. ഒടുവില്‍ പരിശോധന നടത്തിയപ്പോള്‍ രൂപേഷ് മദ്യം കഴിച്ചിട്ടില്ലെന്ന് തെളിഞ്ഞു. മെഷീന്‍റെ പ്രശ്നമാണെന്ന ന്യായം ഉയര്‍ത്തി പൊലീസുകാര്‍ ക്ഷമ പറഞ്ഞൊഴിയുകയും ചെയ്തു.
കാര്യക്ഷമമല്ലാത്ത ഇത്തരം ആല്‍ക്കഹോള്‍ മീറ്ററുകള്‍ പ്രശ്നം സൃഷ്ടിക്കുന്നതായുള്ള വിവരം കാലങ്ങളായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഇപ്പോഴും അതുപയോഗിച്ച് പരിശോധന തുടരുകയാണ് പൊലീസുകാര്‍. ചോദിച്ചാല്‍ ഈ മീറ്ററുകള്‍ നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ കുറ്റം ചാര്‍ത്തി അവര്‍ കൈ മലര്‍ത്തും.
എന്തായാലും രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കില്‍ കുറിച്ചത് പ്രസക്തമാണ് - ഓര്‍ബിറ്റ് ച്യൂയിംഗവും വിക്സ് ടാബ്‌ലറ്റുമൊക്കെ ഇനി നിരോധിക്കുമോ?