അനൂപ് മേനോന്റെ ആ സ്വപ്നം നടക്കില്ല? മോഹന്‍ലാലുമൊത്തുള്ള ചിത്രം ഉപേക്ഷിച്ചു?

നിഹാരിക കെ.എസ്

വ്യാഴം, 27 മാര്‍ച്ച് 2025 (08:37 IST)
മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ പ്രഖ്യാപിച്ച സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഫാന്‍സ് പേജുകളിലും സിനിമാ ഗ്രൂപ്പുകളിലുമാണ് ഈ സിനിമ ഇനി നടക്കില്ലെന്ന തരത്തിലുള്ള ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുന്നത്. തന്റെ സ്വപ്നമെന്നായിരുന്നു അനൂപ് മേനോൻ ചിത്രത്തെ പ്രഖ്യാപനവേളയിൽ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 19ന് ആയിരുന്നു മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്ന വിവരം അനൂപ് മേനോന്‍ പങ്കുവച്ചത്.
 
അനൂപ് മേനോനും നിര്‍മ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുണ്‍ ചന്ദ്രകുമാര്‍, സുജിത്ത് കെഎസ് എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാലും നില്‍ക്കുന്ന ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ പേജില്‍ നിന്നും ഈ അനൗണ്‍സ്‌മെന്റ് ചിത്രം അപ്രത്യക്ഷമായിട്ടുണ്ട്. അനൂപ് മേനോന്‍ ഒരു കുറിപ്പോടെ ആയിരുന്നു ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കുറിപ്പ് ഇല്ലാതെ ഒരു ചിത്രം മാത്രമാണ് അനൂപ് മേനോന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ ഇപ്പോഴുള്ളത്. 
 
അതേസമയം, പ്രണയവും വിരഹവും സംഗീതവും ഇഴ ചേര്‍ന്ന റൊമാന്റിക് എന്റര്‍ടെയ്നര്‍ ആയാണ് അനൂപ് മേനോന്‍ ഈ സിനിമ ഒരുക്കാനിരുന്നത്. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ടൈംലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അനൂപ് മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ ‘പകല്‍ നക്ഷത്രങ്ങളില്‍’ നായകനായെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍