മോഹന്‍ലാല്‍ പൊതുവെ ശാന്ത സ്വഭാവക്കാരനാണ്. എത്രതന്നെ അലോസരപ്പെടുത്തുന്ന അവസ്ഥകള്‍ നേരിടേണ്ടിവന്നാലും അതില്‍ നിന്നെല്ലാം മാറിനില്‍ക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാനാണ് ലാല്‍ ശ്രമിക്കാറുള്ളതെന്നാണ് ലാലിന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും പറയാറുള്ളത്. എന്നാല്‍ ഇത്രയും ശാന്തസ്വഭാവക്കാരനായ ലാലിനെ ദേഷ്യം പിടിപ്പിക്കാന്‍ ഒരാള്‍ക്ക് കഴിയും. അത് മറ്റാര്‍ക്കുമല്ല, സാക്ഷാന്‍ ഇന്നസെന്റിന്. ഇന്നസെന്റ് പാടുന്ന ഒരു പാട്ടാണ് ലാലിനെ പെട്ടെന്ന് ദേഷ്യം പിടിപ്പിക്കുകയെന്ന് കഴിഞ്ഞ ദിവസം ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപായില്‍ വന്നപ്പോള്‍ ഇന്നസെന്റ് പറഞ്ഞു.
നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ടോണിക്കുട്ടാ എന്ന് പറഞ്ഞ് അവസാനിക്കുന്ന പാട്ട് എങ്ങിനെയാണ് ഉണ്ടായതെന്ന ചോദ്യത്തിനാണ് ഇന്നസെന്റ് ആ കഥ പറഞ്ഞത്. ശിവകാശിയില്‍ തനിക്കൊരു തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നു. ആ സമയത്ത് ശിവകാശിയില്‍ പോയവേളയില്‍ എവിടെ നിന്നോ ആ പാട്ട് കേട്ടത്. ചന്ദ്രിക സോപ്പിനെ കുറിച്ചുള്ളൊരു പാട്ടായിരുന്നു അത്. ‘അഴകാന നീലിമയില്‍ പരുപോലെ ഓടിവരും... ചന്ദിരിക്കാ...’ എന്നായിരുന്നു ആ വരികള്‍.
ഒരിക്കല്‍ ഞാനും സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ശ്രീനിവാസനും ഒരു കാറില്‍ പോവുകയാണ്. ലാലിന് ആ ദിവസം പനിയായിരുന്നു. ആ സമയത്ത് ഞാനെന്തോ പറഞ്ഞപ്പോള്‍, പ്ലീസ് കോമഡി അധികം വേണ്ട എന്ന് ലാല്‍ പറഞ്ഞു. എനിക്കത് അത്രക്കങ്ങട് പിടിച്ചില്ല. ഉടന്‍ തന്നെ ഞാന്‍ ‘അഴകാന നീലിമയില്‍ പരുപോലെ ഓടിവരും... മോഹന്‍ലാല്‍...’ എന്ന് പാടി. അപ്പോള്‍ തന്നെ ലാല്‍ എന്റെ കഴുത്തിന് പിടിച്ചിട്ട് പറഞ്ഞു, 'ചേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് വേറെ ഒന്നും തന്നെക്കൊണ്ട് വിളിപ്പിക്കരുതെന്ന്, മാത്രമല്ല ഈ പാട്ട് ഇവിടെ വച്ച് തന്നെ മറക്കണം' എന്നും.
നമ്പര്‍ 20 മദ്രാസ് മെയിലിന്റെ ഷൂട്ടിങ്ങ് സമയത്ത് ഏതെങ്കിലുമൊരു പഴയ പാട്ട് പാടാന്‍ സംവിധായകന്‍ ജോഷി പറഞ്ഞു. ഉടന്‍ മോഹന്‍ലാലും പറഞ്ഞു പഴയ ഏതെങ്കിലും പാട്ട് പാട് എന്ന്. ഞാന്‍ പാടാം, ഓകെ ആണെങ്കില്‍ ഓകെ പറയണം എന്ന് പറഞ്ഞിട്ട് പാടി... 'അഴകാന നീലിമയില്‍ പരുപോലെ ഓടിവരും .. ടോണിക്കുട്ടാ' എന്ന്. മോഹന്‍ലാല്‍ എന്നെ തുറിച്ച് നോക്കി... എങ്കിലും ഈ പാട്ട് തന്നെ മതി എന്ന് ജോഷി ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴും അഴകാന നീലിമയില്‍ എന്ന് തുടങ്ങുമ്പോള്‍ തന്നെ മോഹന്‍ലാലിന് പ്രാന്ത് വരുമെന്നും അതെന്തുകൊണ്ടാണെന്ന് തനിക്ക് ഇതുവരെയും പിടികിട്ടിയിട്ടില്ലയെന്നും ഇന്നസെന്റ് പറഞ്ഞു.