യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് ചിത്രത്തിലെ സത്രീ വിരുദ്ധത ചർച്ചയായിരുന്നു. ചിത്രത്തിന്റെ ടീസറിൽ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്യുന്ന താരത്തിലാണെന്നെല്ലാം വാദം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഡബ്ല്യൂുസിസിയോ സംഘടനയിലെ അംഗങ്ങളോ പ്രതികരിക്കാത്തതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ്.
ഗീതു മോഹൻദാസ് മാത്രമല്ലല്ലോ സെക്‌സിസ്റ്റ് ട്രെയ്‌ലർ ഇറക്കുന്നത് എന്നാണ് മിറിയം പറയുന്നത്. ഡബ്ല്യുസിസിയ്ക്കുളളിൽ പല ചർച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങൾ പത്രക്കാർക്ക് കൊടുക്കാറില്ല. ഞങ്ങൾ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ്ങ് ചെയ്യാൻ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്‌സിസ്റ്റ് ആയിട്ടുളള കാര്യങ്ങൾ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുളളിൽ പറയും.
അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനിൽക്കുന്നത്. ഗീതു മോഹൻദാസ് ഇപ്പോഴും സംഘടനയിലെ അംഗമാണ്. നിങ്ങളുടെ പ്രവർത്തനം എന്താണ്, നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അമ്മ സംഘടയോട് ചോദിക്കാറുണ്ടോ? ഡബ്ല്യുസിസിയോട് മാത്രം എന്തുകൊണ്ട് ചോദിക്കുന്നു. സെക്‌സിസ്റ്റ് ട്രെയ്‌ലർ ഗീതു മോഹൻദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്.
സെക്‌സിസ്റ്റ് ട്രെയിലർ ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെ കുറിച്ച് ചോദിക്കാറുണ്ടോ? ഞങ്ങൾ ആരും പുണ്യാളന്മാരല്ല. എല്ലാവരെയും പോലെ തന്നെയുളള സാധാരണ സിനിമാ പ്രവർത്തകരാണ്. ചില കാര്യങ്ങൾ മാറ്റണം. ചില നിലപാടുകൾ മാറ്റണം. അത് ഇനി നിങ്ങൾ എന്ത് ചോദിച്ചാലും ഞങ്ങൾ ഇവിടെ തന്നെ കാണും. ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല എന്നാണ് മിറിയം പറയുന്നത്.