തന്റെ ബാല്യകാല സുഹൃത്തായ ജീനയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന മെജോ എന്ന യുവാവിന്റെ രസകരമായ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള സ്വഭാവക്കാരാണ് രണ്ട് പേരും. ഇവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഉദ്വേഗം നിറഞ്ഞ കാഴ്ചകളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. രണ്ട് വ്യത്യസ്ത സ്വഭാവക്കാര്‍ പ്രണയിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളുണ്ട്. സാധാരണയായി കണ്ടുവരുന്ന ചില കാഴ്ചകളുണ്ട്. അതിനെയെല്ലാം നര്‍മ്മത്തിന്റെ കൂടി മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.
ഡിനോയ് പൗലോസ്, മാത്യു തോമസ്, ലിജോമോള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമായ പ്ലോട്ടില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് വിശുദ്ധ മെജോ. താരങ്ങളുടെ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. പ്രത്യേകിച്ച് ലിജോമോളുടേയും ഡിനോയ് പൗലോസിന്റേയും. ഇരുവരും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം ഏറെ ശ്രദ്ധേയമാണ്.
വിനോദ് ഷൊര്‍ണ്ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍ തന്നെയാണ്. ഡിനോയ് പൗലോസിന്റേതാണ് തിരക്കഥ. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.