ആസിഫ് ഓരോ തവണ വിജയിക്കുമ്പോഴും തന്റെ ഹൃദയം നിറയുന്നു: രേഖാചിത്രത്തെ പുകഴ്ത്തി വിനീത് ശ്രീനിവാസൻ

നിഹാരിക കെ.എസ്

ശനി, 18 ജനുവരി 2025 (16:49 IST)
നടി കീർത്തി സുരേഷിന് പിന്നാലെ ആസിഫ് അലിയുടെ രേഖാചിത്രത്തെ പുകഴ്ത്തി വിനീത് ശ്രീനിവാസൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പിലാണ് സിനിമയെ വിനീത് പ്രശംസിച്ചത്. വളരെ പുതുമയുള്ള കഥയാണ് ചിത്രത്തിന്‍റേതെന്നും അതാണ് രേഖാചിത്രത്തെ മികച്ചതാക്കുന്നതെന്നും വിനീത ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. നായകനായ ആസിഫ് അലിയെയും വിനീത് പുകഴ്ത്തി. ആസിഫ് ഓരോ തവണ വിജയിക്കുമ്പോഴും തന്റെ ഹൃദയം നിറയുകയാണെന്നും വിനീത് കുറിച്ചു.
 
'എഴുത്തിന്റെയും പെർഫോമൻസുകളുടെയും ക്രാഫ്റ്റിൻ്റെയും പേരിലാണ് ഇന്നത്തെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. എന്നാല്‍ കഥ കൊണ്ട് തന്നെ മികവ് പുലര്‍ത്തുന്ന ചിത്രമാണ് രേഖാചിത്രം. കഥ കൊണ്ട് തന്നെ പുതുമ സമ്മാനിക്കാനാകുന്ന അപൂർവം മികച്ച സിനിമകളിൽ ഒന്നാണ് രേഖാചിത്രം. ഈ സിനിമ നിങ്ങൾ തിയേറ്ററിൽ കാണാതിരിക്കരുത്. ആസിഫ് അലി, നിങ്ങൾ ഓരോ തവണ വിജയിക്കുമ്പോഴും എന്റെ ഹൃദയം നിറയുകയാണ്. സിനിമയിലെ മറ്റ്‌ അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങൾ', വിനീത് ശ്രീനിവാസൻ കുറിച്ചു.
 
ചിത്രത്തിനെ പ്രശംസിച്ച് നടി കീർത്തി സുരേഷും സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥയാണെന്നും ഓരോ വിശദാംശങ്ങളും അത്ഭുതപ്പെടുത്തിയെന്നുമാണ് നടി കുറിച്ചിരുന്നത്. ആസിഫ് അലി, അനശ്വര രാജൻ, ജോഫിൻ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോൺ മന്ത്രിക്കൽ, രാമു സുനിൽ, അപ്പു പ്രഭാകർ, ഷമീർ മുഹമ്മദ് തുടങ്ങിയവരെയും കീർത്തി പ്രശംസിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍