ഇന്ത്യൻ സിനിമയെയും പ്രേക്ഷകരെയും ആകെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പ്രേക്ഷകരുടെ മനം കവര്‍ന്ന വിക്രാന്ത് മാസി വിരമിക്കൽ പ്രഖ്യാപിച്ചത്. 37ാം വയസില്‍ താരം എടുത്ത ഈ തീരുമാനം, അതും കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ... എന്തിനാണെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ഇന്ത്യൻ സിനിമയുടെ അടുത്ത ഇർഫാൻ ഖാൻ എന്ന വിശേഷണത്തിന് അർഹനായ നടന്റെ ഈ അപ്രതീക്ഷിത തീരുമാനം ആരാധകരെ തെല്ലൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്.
ടെലിവിഷന്‍ രംഗത്തിലൂടെയാണ് വിക്രാന്ത് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. 2007ല്‍ സംപ്രേഷണം ആരംഭിച്ച ധും മചാവോ ധും ആയിരുന്നു ആദ്യത്തെ സീരിയല്‍. തുടര്‍ന്ന് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി. 2013ല്‍ റിലീസ് ചെയ്ത ലൂട്ടേരയില്‍ സഹതാരമായാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത എ ഡെറ്റ് ഇന്‍ ദി ഗുഞ്ചിലൂടെയാണ് നായകനാവുന്നത്. ഹാഫ് ഗേള്‍ഫ്രണ്ട്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, മിര്‍സാപൂര്‍ തുടങ്ങിയവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
വിക്രാന്ത് മാസിയെ വലിയ പ്രശസ്തിയിലേക്ക് എത്തിക്കുന്നത് 12ത് ഫെയില്‍ എന്ന ചിത്രമാണ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ചിത്രം മനോജ് കുമാര്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. പരാജയങ്ങളില്‍ നിന്ന് വിജയത്തിന്റെ പടികള്‍ കയറുന്ന മനോജ് കുമാറായുള്ള വിക്രാന്തിന്റെ പ്രകടനം വന്‍ ശ്രദ്ധനേടി. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നടന് നിരവധി പുരസ്കാരങ്ങളും ലഭിച്ചു.
സീരിയല്‍ കില്ലര്‍ കഥാപാത്രമായി എത്തിയ പ്രേക്ഷകരുടെ ഉള്ളില്‍ ഭീതി നിറച്ച കഥാപാത്രമാണ് സെക്റ്റര്‍ 36 ലെ പ്രേം സിങ്. 2006ല്‍ നടന്ന നോയിഡ കൊലപാതക പരമ്പരയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ആദിത്യ നിംബല്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.സീറോ സെ റീസ്റ്റാർട്ട് പോലുള്ള സിനിമകൾ താരത്തിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.