വിജയ് 62 ഇപ്പോള്‍ കൊല്‍ക്കത്തയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഒരു വലിയ കാര്‍ ചേസ് സീനാണ് അവിടെ പ്രധാനമായും ചിത്രീകരിക്കുന്നത്. മറ്റ് ചില സുപ്രധാന രംഗങ്ങളും കൊല്‍ക്കത്തയില്‍ ഷൂട്ട് ചെയ്യുന്നുണ്ട്.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു അടിപൊളി ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. രാം-ലക്ഷ്മണ്‍ ടീമാണ് ഈ സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ കോറിയോഗ്രാഫ് ചെയ്യുന്നത്. മൂന്നാഴ്ച കൊല്‍ക്കത്തിലെ ചിത്രീകരണം നീളും.
ഈ ഷെഡ്യൂള്‍ തീര്‍ന്നുകഴിഞ്ഞാല്‍ വിജയ് 62 ടീം പറക്കുന്നത് അമേരിക്കയിലേക്കാണ്. അവിടെയാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ചില ഗാനരംഗങ്ങളും അവിടെ ചിത്രീകരിക്കും. 20 ദിവസമാണ് അമേരിക്കയില്‍ ഷൂട്ടിംഗ് ഉള്ളത്.
തുപ്പാക്കിക്കും കത്തിക്കും ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് ഇത്. തുപ്പാക്കിയും കത്തിയും ബ്ലോക്ക് ബസ്റ്ററുകളായിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയെക്കുറിച്ചും വലിയ പ്രതീക്ഷയാണുള്ളത്.
മുരുഗദോസിന്‍റെ കഴിഞ്ഞ സിനിമയായ സ്പൈഡര്‍ ബോക്സോഫീസില്‍ നിരാശ സമ്മാനിച്ച ചിത്രമാണ്. അതുകൊണ്ടുതന്നെ ഒരു വമ്പന്‍ തിരിച്ചുവരവ് ഈ സംവിധായകന് ആവശ്യമാണ്.
കീര്‍ത്തി സുരേഷാണ് ഈ സിനിമയില്‍ ദളപതിക്ക് നായികയാകുന്നത്. ജയമോഹനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. അങ്കമാലി ഡയറീസിന്‍റെ ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. സംഗീതം എ ആര്‍ റഹ്‌മാന്‍. സണ്‍ പിക്‍ചേഴ്സാണ് നിര്‍മ്മാണം.