'വിടാമുയര്‍ച്ചി' പൊങ്കലിനും എത്തില്ല, കാരണമെന്ത്?

നിഹാരിക കെ.എസ്
വ്യാഴം, 2 ജനുവരി 2025 (11:56 IST)
അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ട്. പൊങ്കലിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഒഴിച്ചു കൂടാനാകാത്ത സാഹചര്യങ്ങള്‍ കാരണം റിലീസ് മാറ്റിവയ്ക്കുന്നു എന്നാണ് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
 
നേരത്തെ വിടാമുയര്‍ച്ചിക്കെതിരേ പകര്‍പ്പവകാശലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ നോട്ടിസ് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷനെതിരേ പ്രമുഖ നിര്‍മ്മാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് നോട്ടിസ് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.
 
പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് ലഭിച്ചതായി തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1997ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്കാണ് വിടാമുയര്‍ച്ചി എന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യാതിരിക്കുന്നതിന്റെ കാരണം ‘ഇന്ത്യന്‍ 2’വിന്റെ പരാജയമാണ് എന്നും റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
 
വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ആറ് മാസത്തിന് ശേഷം വിഘ്നേശ് ശിവനെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article