സൂപ്പര്‍ഹിറ്റ് ചിത്രമായ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചതിന് വിമര്‍ശനം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയോട് ക്ഷമചോദിച്ച് ദുല്‍ക്കര്‍ സല്‍മാനും ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യനും. മുംബൈ സ്വദേശിയായ ചേതന കപൂറാണ് സിനിമയ്ക്കെതിരേ രംഗത്തുവന്നത്. തന്റെ പ്രതിഷേധം ട്വിറ്ററിലൂടെ അവര്‍ അറിയിക്കുകയായിരുന്നു.
' സിനിമയില്‍ എന്നെ കാണിച്ചതില്‍ നന്ദി. പക്ഷേ, പൊതുവിടങ്ങളില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷെയമിംഗില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ പ്രസ്തുത രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന എന്റെ ചിത്രം എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്' എന്ന് ചേതന ട്വീറ്ററില്‍ കുറിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. ഇതേത്തുടര്‍ന്നായിരുന്നു ക്ഷമ ചോദിച്ച് ദുല്‍ക്കറും അനൂപ് സത്യനും എത്തിയത്.