'അണ്ണൻ ചതിച്ചല്ലോ രാജുവേട്ടാ'; സിനിമാ സംഘടനകൾക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ പൃഥ്വിക്ക് ട്രോൾ

നിഹാരിക കെ.എസ്

വ്യാഴം, 27 ഫെബ്രുവരി 2025 (08:53 IST)
നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി.സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജ് സുകുമാരനെതിരെ ട്രോൾ. ഫെബ്രുവരി 13 നു ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കാണാനില്ല. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നോട്ടീസിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.
 
സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നപ്പോൾ ആ പോസ്റ്റ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് ഷെയർ ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടനെതിരെ ട്രോളുകൾ വരുന്നത്. 'അണ്ണൻ ചതിച്ചല്ലോ രാജുവേട്ടാ', ‘എല്ലാം ഓക്കെ അല്ല അണ്ണാ’, 'ഇപ്പോൾ എല്ലാം ഓക്കേ ആയി' എന്നിങ്ങനെ പോകുന്നു പൃഥ്വി ഷെയർ ചെയ്ത പോസ്റ്റിന് താഴെയുള്ള കമന്റുകൾ.
 
മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നത്. ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല. ജൂൺ ഒന്ന് മുതൽ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യും. സുരേഷ് കുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഒപ്പം മോഹൻലാൽ സിനിമയായ എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ചും സുരേഷ്‌കുമാർ പരാമർശം നടത്തിയിരുന്നു. എമ്പുരാന്‍ സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശമാണ് തനിക്ക് വിഷമമുണ്ടാക്കിയതെന്ന് ആന്റണി പെരുമ്പാവൂര്‍ ബി.ആര്‍.ജേക്കബിനെ അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്നും ബി.ആര്‍.ജേക്കബ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍