രണ്ടാം വരവിലാണ് മഞ്ജു വാര്യർ എന്ന നടിയുടെ പൊട്ടൻഷ്യൽ തമിഴ് സിനിമാ ലോകം അറിയുന്നത്. തമിഴിൽ ധനുഷ്, അജിത്ത്, വിജയ് സേതുപതി, രജനികാന്ത് തുടങ്ങിയ നടന്മാർക്കൊപ്പം മഞ്ജു ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മോഹൻലാൽ നായകനാകുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാൻ ആണ് മഞ്ജുവിന്റെ ഇനി റിലീസ് ആകാനുള്ള മലയാള ചിത്രം. സിനിമയും സൗഹൃദവും യാത്രയുമൊക്കെയായി മഞ്ജു തിരക്കിലാണ്.
പക്ഷേ 14 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിന്റെ തുടക്കത്തിൽ മഞ്ജു വാര്യർ ഇങ്ങനെ ആയിരുന്നില്ല. എല്ലാവരുടെ മുന്നിലും ബോൾഡ് ആയി നിൽക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയുന്ന മഞ്ജുവിനെ കണ്ടിട്ടുണ്ട് എന്ന് അന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് മഞ്ജു വാര്യരെ സാക്ഷിയാക്കിയാണ് ഒരു അഭിമുഖത്തിൽ റോഷൻ ആൻഡ്രൂസ് ഇക്കാര്യം പറഞ്ഞത്.
തിളങ്ങി നിന്ന സമയത്തായിരുന്നു ദിലീപുമായി വിവാഹം. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് കടന്ന മഞ്ജു, 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം, വിവാഹ മോചനം കഴിഞ്ഞ് ആദ്യമായി ചെയ്ത സിനിമയാണ് ഹൗ ഓൾഡ് ആർ യു. ആ സമയത്ത് മഞ്ജുവിന് ഭയങ്കര ടെൻഷൻ ആയിരുന്നു. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. എല്ലാം ചോദിച്ചുകൊണ്ടേയിരിക്കും. മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്ന വിശേഷണത്തിൽ തന്നെയാണ് അന്ന് ആ സിനിമയ്ക്ക് അത്രയും വലിയ ഹൈപ്പ് കിട്ടിയത് എന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്.
മഞ്ജു തിരിച്ചുവരുന്ന ആദ്യത്തെ സിനിമ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് റോഷൻ അൻഡ്രൂസ് പറയുന്നത്. പല അവസരത്തിലും മഞ്ജു എന്ന അഭിനേത്രി അമ്പരപ്പിച്ചിട്ടുണ്ട്. ലൊക്കേഷനിൽ ചില നേരത്ത് എന്തോ ആലോചിച്ച് നിൽക്കുന്നുണ്ടാവും, കണ്ണിൽ നിന്ന് താനേ വെള്ളം വരുന്നുണ്ടാവും. പല രംഗങ്ങളിലും ഗ്ലിസറിൽ ഇല്ലാതെ തന്നെ മഞ്ജു കരഞ്ഞിട്ടുണ്ട് എന്നാണ് റോഷൻ അൻഡ്രൂസ് പറഞ്ഞത്.