മലയാളത്തില്‍ കിംഗ് ഓഫ് കൊത്ത എന്ന സിനിമ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് മറ്റൊരു ദുല്‍ഖര്‍ സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തിലല്ല സിനിമയെങ്കില്‍ കൂടി മലയാളി ആരാധകരും വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. നിലവില്‍ ലക്കി ഭാസ്‌ക്കറിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ തിരക്കുകളിലാണ് ദുല്‍ഖര്‍. സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ തെലുങ്കിലെ പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് ദുല്‍ഖറിനെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഈ തലമുറയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ദുല്‍ഖറെന്നാണ് ത്രിവിക്രം പറഞ്ഞത്. ലക്കി ഭാസ്‌ക്കറിലെ കഥാപാത്രത്തിലേക്ക് എളുപ്പത്തില്‍ തന്നെ ദുല്‍ഖര്‍ നടന്നുകയറി. മമ്മൂട്ടിയുടെ മകനായിരുന്നുകൊണ്ട് ഒരു നടന്‍ എന്ന നിലയില്‍ വ്യത്യസ്തമായ കരിയര്‍ ഉണ്ടാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.അദ്ദേഹം തന്റെ മകനെ ഓര്‍ത്ത് അഭിമാനിക്കും. സീതാരാമവും മഹാനടിയും ലക്കി ഭാസ്‌ക്കറുമെല്ലാം വ്യത്യസ്തമായ സിനിമകളാണെന്നും ത്രിവിക്രം പറഞ്ഞു.
ഒക്ടോബര്‍ 31ന് ദീപാവലി റിലീസായാണ് സിനിമ റിലീസ് ചെയ്യുന്നത്.വെങ്കി ആറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമ തെലുങ്കിന് പുറമെ തമിഴ്, മലയാളം,ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. മീനാക്ഷി ചൗധരിയാണ് സിനിമയിലെ നായിക. 100 കോടി ബജറ്റിലൊരുങ്ങുന്ന സിനിമ 1980-1990 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. സിനിമയില്‍ ഭാസ്‌കര്‍ കുമാര്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.