ഹൈദരാബാദിൽ വെച്ച് നടന്ന ബ്രിട്ടാനിയ ഫിലിം ഫെയർ അവാർഡിൽ ചിലർ വെള്ളംകുടിച്ചത്രെ. മലയാളം ഉച്ഛരിക്കാൻ പ്രയാസമാണെന്ന് അന്യഭാഷക്കാർ പറയാറുണ്ട്. മലയാളികൾക്കല്ലാതെ മറ്റാർക്കും ഒഴുക്കോടുകൂടി പറയാൻ കഴിയില്ലെന്നാണ് പൊതുവെ പറയാറ്. അവാർഡ് ചടങ്ങിൽ താരങ്ങളുടെ പേര് പറയുന്നതിനും സിനിമാ പേര് പറയുന്നതിലും ചിലർ വെള്ളം കുടിച്ചെന്നാണ് പറയുന്നത്.
എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ അഭിനയത്തിന് ടൊവിനോ തോമസിന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു. താരത്തിന് പുരസ്കാരം നൽകിയത് തെലുങ്ക് ഹാസ്യ താരം അലിയാണ്. ടിവിനോ തോമസ് എന്ന പേര് വിളിച്ച് പറയാൻ അദ്ദേഹം പെടാപ്പാട് പെട്ടു. ടൊവിനോ മാത്രമല്ല, പത്തേമാരിയും വെള്ളംകുടിപ്പിച്ചു. അവതാരകരായ ചിന്മയിയും രാഹുൽ രവീന്ദ്രനും പത്തേമാരി എന്ന പേര് വിളിച്ച് പറയാൻ കുറച്ച് ബുദ്ധിമുട്ടി.
പുരസ്കാരം നൽകിയതോടൊപ്പം ടൊവിനോയുടെ പേരിനെക്കുറിച്ചും അലി സംസാരിക്കുകയുണ്ടായി. തെലുങ്കിലായതിനാൽ ടൊവിനോയ്ക്ക് ഒന്നും മനസ്സിലായില്ല. എന്നാൽ ഇനി ഇതുപോലെ എത്ര പുരസ്കാരം ലഭിച്ചാലും തന്റെ പേരുകൊണ്ട് താൻ ഓർമ്മിക്കപ്പെടും എന്ന് ടൊവിനോ പുരസ്കാര വേളയിൽ പറഞ്ഞു.