‘എല്ലാം ആസ്വദിക്കും എന്നിട്ട് കുറ്റം പറയും’; ലിപ് ലോക്ക് വിവാദത്തില്‍ തുറന്നടിച്ച് ടൊവിനോ

വ്യാഴം, 8 നവം‌ബര്‍ 2018 (19:47 IST)
മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ടൊവിനോ രംഗത്ത്. ഒരു സിനമയെ അതിന്റെ ഉള്ളടക്കം മനസിലാക്കി വിലയിരുത്തണം. ലിപ് ലോക്ക് ദൃശ്യങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാര ബോധമാണെന്നും അദ്ദേഹം പറഞ്ഞു.

തീവണ്ടിയിലെയും മായാനദിയിലെയും ലിപ് ലോക്ക് ദൃശ്യങ്ങളല്ല ആ സിനിമയുടെ വിജയത്തിനു കാരണമായത്. ഇത് എല്ലാവരും മനസിലാക്കുന്നത് നല്ലതായിരിക്കും. വിദേശ ചിത്രങ്ങളിലെ ഇത്തരം രംഗങ്ങള്‍ കാണുകയും അതില്‍ കുറ്റമില്ലെന്ന് പറയുകയും ചെയ്യുന്നവരാണ് മലയാള സിനിമയിലെ ചില രംഗങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തലുമായി ഇറങ്ങിയിരിക്കുന്നതെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

വിദേശ സിനിമകളിലെ കൊലപാതകങ്ങളും ബലാത്സംഗ സീനുകളും കാണുകയും ആസ്വദിക്കുകയും ചെയ്യും. എന്നിട്ട് മലയാള ചിത്രങ്ങളിലെ രംഗങ്ങളെ കുറ്റം പറയും. നമ്മുടെ സിനിമകളില്‍ ഒരു കിടപ്പറ രംഗമോ ചുംബനമോ നടന്നാല്‍ അത് സംസാകാരത്തിന് യോജിച്ചതല്ലെന്ന് പറയുന്നവരുമാണ് നമുക്ക് ചുറ്റുമുള്ളതെന്നും താരം പറഞ്ഞു.

ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുന്നതെന്നും ടൊവിനോ വ്യക്തമാക്കി.

മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് രംഗങ്ങള്‍ അതിരു കടന്നതായിരുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കാണ് ടോവിനോ മറുപടി നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍