കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടനൊന്നും ഉണ്ടാകില്ലെന്ന് സൂചന. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ടുമാസമായെങ്കിലും ഔത്തിയ ഭരണസമിതി സംബന്ധിച്ച ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ജനറൽബോഡി വിളിക്കാനോ തിരഞ്ഞെടുപ്പുനടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. ഇതുസംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് നിലവിലുള്ള നേതൃത്വം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, ജനറൽ സെക്രട്ടറി സിദ്ദിഖ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരേ ലൈംഗികാരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഭരണസമിതി മുഴുവൻ ഓഗസ്റ്റ് 27-ന് രാജിവെച്ചത്. രണ്ടുമാസത്തിനുള്ളിൽ പുതിയ ഭരണസമിതി ചുമതലയിൽ വരുമെന്നായിരുന്നു രാജിസമയം, സംഘടന അറിയിച്ചത്. പകരക്കാരെ കണ്ടെത്താൻ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് സൂചന. ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിക്കഴിഞ്ഞു. യുവതാരങ്ങളും മുന്നിലേക്കുവരാൻ ആഗ്രഹിക്കുന്നില്ല.