അനശ്വര രാജനുമായി സംവിധായകന് ഉണ്ടായത് തെറ്റിദ്ധാരണയെ തുടർന്നുണ്ടായ പ്രശ്നം

നിഹാരിക കെ.എസ്

ഞായര്‍, 9 മാര്‍ച്ച് 2025 (14:05 IST)
‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’ സിനിമയുമായി ബന്ധപ്പെട്ട് നടി അനശ്വര രാജനും സംവിധായകൻ ദീപു കരുണാകരനും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പായി. താരസംഘടനയായ ‘അമ്മ’യും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ഇടപെട്ട് ഇരുവരെയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ദീപു കരുണാകരന്റെ പ്രസ്താവനയെ തള്ളി ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രകാശ് ഗോപാലനും മുന്നോട്ട് വന്നിരുന്നു. അനശ്വര സിനിമയോട് നിസ്സഹകരണം കാണിച്ചിട്ടില്ല എന്നായിരുന്നു പ്രൊഡ്യൂസർ പറഞ്ഞത്. 
 
സിനിമയുടെ ചിത്രീകരണ സമയത്ത് സഹകരിച്ച നടി സിനിമയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചില്ല, സിനിമയുടെ പ്രമോഷന് വന്നില്ല, വിളിച്ചിട്ട് ഫോൺ എടുത്തില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് സംവിധായകൻ പങ്കുവച്ചത്. ഈ ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പിന്നാലെ പരസ്യമായി മറുപടി നൽകി അനശ്വരയും രംഗത്തെത്തിയിരുന്നു.
 
തന്റെ കരിയറിനെ ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് സംവിധായകൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇപ്പോഴും ഈ സിനിമയുടെ റിലീസ് തിയതി പോലും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അനശ്വര പറഞ്ഞു. മുൻകൂട്ടി അറിയിച്ചാൽ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷന് എത്താൻ തയ്യാറാണ്. താൻ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായ പ്രൊമോഷനിൽ പങ്കെടുക്കുന്നത് ഉത്തരവാദിത്വം ആണെന്ന ബോധ്യമുള്ള വ്യക്തിയാണെന്നും അനശ്വര വ്യക്തമാക്കിയിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍