Premalu 2: ഷൂട്ടിങ് ജൂണിൽ ആരംഭിക്കും, മമിതയ്ക്കും നസ്ലിനും ഒപ്പം തിളങ്ങാൻ അനശ്വര രാജനും

നിഹാരിക കെ.എസ്

ബുധന്‍, 12 ഫെബ്രുവരി 2025 (11:40 IST)
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പണംവാരി പടങ്ങളിൽ ഒന്നായ പ്രേമലുവിന്റെ (Premalu movie) ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാവന സ്റ്റുഡിയോസ്. ഒന്നാം പിറന്നാൾ ദിനത്തിൽ ഏറെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ഭാവന സ്റ്റുഡിയോസ് പ്രേമലുവിന് പിറന്നാൾ ആശംസകൾ നേർന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗം 2025 ജൂണിൽ ഷൂട്ട് തുടങ്ങും എന്നതിന്റെ സൂചനകളും വീഡിയോയിലുണ്ട്.
 
2024 ഫെബ്രുവരി 9ന് തീയറ്ററുകളിൽ എത്തിയ ‘പ്രേമലു’ ഗംഭീര വിജയമാണ് നേടിയത്. എല്ലാത്തരം പ്രേകഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രം ഇന്ത്യ ഒട്ടാകെ തരംഗമായി മാറി. ഭാവന സ്റുഡിയോസിന്റെ ബാനറിൽ നസ്ലൻ, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴിമാറ്റപ്പെടുകയും അവിടെയും വമ്പൻ വിജയം ആവർത്തിക്കുകയും ചെയ്തു.
 
ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണ് ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ചിത്രത്തിന് ലഭിച്ചത്. രാജമൗലി, പ്രിയദർശൻ ഉൾപ്പടെയുള്ള പ്രശസ്ത സംവിധായകരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഭാവന സ്റ്റുഡിയോസ് അനൗൺസ് ചെയ്തിരുന്നു. രണ്ടാം ഭാഗത്തിൽ അനശ്വരയും ഉണ്ടാകുമെന്നാണ് സൂചന. ആദ്യഭാഗത്ത് ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ച മാത്യു തോമസിനും രണ്ടാം ഭാഗത്ത് പ്രാധാന്യം ഉണ്ടെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍