മാൻഹോളിന് മികച്ച ചിത്രത്തിനു‌ള്ള അർഹതയില്ല, മഹേഷിന്റെ പ്രതികാരം തഴയപ്പെട്ടു?

ബുധന്‍, 8 മാര്‍ച്ച് 2017 (07:57 IST)
മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാർഡിനോട് ജൂറിയ്ക്ക് കുറച്ചെങ്കിലും നീതിപുലർത്താമായിരുന്നുവെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. സിനിമ എന്നാൽ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികൾ തിരുത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
 
മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ച വിധുവിൻസെന്റിനോട് യാതൊരു വിരോധവുമില്ല. താരങ്ങളുടെയൊന്നും അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാൻ ഇറങ്ങിത്തിരിച്ച സ്ത്രീ എന്ന നിലയ്ക്ക് അവരോട് ആദരവേ ഉള്ളുവെന്നും അദ്ദേഹം പറയുന്നു.
 
വിഷയതീവ്രതയുടെ പേരിൽ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതിൽ മാൻ‌ഹോൾ വിജയിച്ചു. എന്നാൽ, ചലച്ചിത്രം എന്ന കലാരൂപത്തെ ഒരു തരിമ്പെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നില്ല ആ സിനിമ എന്ന് പറയാതെ പോകുന്നത് അനീതിയാകും എന്നതുകൊണ്ട് പറയുന്നു. ഈ അവാർഡ് വിധുവോ ആ സിനിമയോ അർഹിക്കുന്നതല്ലെന്ന തോന്നലാണ് മാൻ‌ഹോളും കഴിഞ്ഞവർഷമിറങ്ങിയ മറ്റുമിക്ക ചിത്രങ്ങളും കണ്ടിട്ടുള്ള ആളെന്ന നിലയിൽ ശക്തമായി എനിക്കുള്ളത്. വിധുവിന്റെ മനസ് ഈ അവാർഡിനെ ഉള്ളാലെ ആഘോഷിക്കാതിരിക്കട്ടെയെന്നും എന്റെയുൾപ്പെടെയുള്ള വിമർശകരുടെ വായടപ്പിക്കുന്ന രീതിയിൽ അടുത്തചിത്രത്തിലേക്ക് കുതിക്കട്ടെയെന്നും ആശിക്കുന്നു.
 
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാർഡ് കൊടുത്ത തീരുമാനം ഒരു സന്തോഷമുണ്ടാക്കുന്നു. അർഹമായ അവാർഡുകൾ കിട്ടാതെ പോയ മഹേഷിന്റെ പ്രതികാരം നിരാശയുമുണ്ടാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പേരിൽ ലോഡുകണക്കിന് തെറിവിളിയും അധിക്ഷേപവുമൊക്കെ വരുമെന്ന് അറിയാം. കൊതിക്കെറുവാണെന്നു പറഞ്ഞു ആളുവന്നേക്കാം. അവരോട്: സെക്സി ദുർഗ അവാർഡിനയച്ചിരുന്നില്ല എന്നകാര്യം അറിയിക്കട്ടെ. തെറിവിളിക്കുമ്പോൾ അങ്ങനെ ഒരാരോപണം മാറ്റിനിർത്തിയിട്ട് ആയിക്കോളൂ എന്നൊരു മുന്നറിയി‌പ്പും സംവിധായകൻ നൽകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക