സൈക്കോ കൊലയാളികളാണ് കേരളത്തിലെ ബസുകളിലെ ഡ്രൈവര്‍മാര്‍ എന്ന് സന്തോഷ് കീഴാറ്റൂര്‍. ബസുകളുടെ അമിത വേഗതയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നൽകിയ പരാതിയിലാണ് നടന്റെ വിമർശനം. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി മാറുകയാണ് ചില ബസ് ഡ്രൈവര്‍മാരെന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'ബഹുമാനപ്പെട്ട, മുഖ്യമന്ത്രിയും ഗതാഗതവകുപ്പ് മന്ത്രിയും അറിയാന്‍, കഴിഞ്ഞ ദിവസങ്ങളില്‍ തളിപ്പറമ്പില്‍ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസില്‍ യാത്ര ചെയ്തു. ഭാഗ്യമാണോ, അമ്മയുടെയും അച്ഛന്റെയും പ്രാര്‍ഥനയാണോ അല്ല മറ്റ് എന്തെങ്കിലും മിറാക്കിള്‍ ആണോ എന്നറിയില്ല അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും. മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവര്‍മാര്‍ ഇപ്പോഴും നമ്മുടെ നിരത്തുകളില്‍ നിര്‍ജീവം പരിലസിക്കുകയാണ്.
കണ്ണൂരില്‍ നിന്നും തിരിച്ച് കെഎസ്ആര്‍ടിസി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ. അതുക്കും മേലെ. സൈക്കോ ജീവനക്കാര്‍. ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴില്‍ ചെയ്യുന്നവരും ഉണ്ട്. ഇവര്‍ക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം.
ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഇപ്പഴും പാട് പെടുന്നവര്‍ക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങള്‍ ചെയ്തു തരണം. ജനങ്ങളാണ് സര്‍ക്കാര്‍. സമയം കുറവാണ് എന്ന് പറഞ്ഞ് കൊണ്ടുള്ള മല്‍സര ഓട്ടം കെസ്ആര്‍ടിസി എങ്കിലും മതിയാക്കണം. കാറില്‍ എപ്പോഴും യാത്ര ചെയ്യാന്‍ പറ്റില്ല. മനുഷ്യന്‍മാരെ കണ്ടും ചുറ്റു പാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണ്', നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.