'അന്നുരാത്രി ഉറക്കം വന്നില്ല, ഇങ്ങനെയൊക്കെയാകും നമ്മള്‍ അതിജീവിക്കുന്നത്': സാനിയ ഇയ്യപ്പൻ

നിഹാരിക കെ എസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (15:57 IST)
വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും ലോകയാത്രകൾ കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന ആളാണ് സാനിയ ഇയ്യപ്പൻ. ബോൾഡ് ആയ വേഷങ്ങൾ ചെയ്യാനും വസ്ത്രം ധരിക്കാനും സാനിയയ്ക്ക് മടിയില്ല. എന്നാൽ, സാനിയയുടെ വസ്ത്രധാരണം സൈബർ ആങ്ങളമാർക്ക് അത്ര ബോധിക്കാറില്ല. സാനിയയ്ക്ക് നേരെ പലപ്പോഴും കടുത്ത സൈബർ ആക്രമണം തന്നെ ഉണ്ടാകാറുണ്ട്. ഇതൊന്നും വകവെയ്ക്കാതെ സാനിയ യാത്രയുടെയും സിനിമയുടെയും തിരക്കിലാണ്. 
 
ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ നടത്തിയ ഫിലിപ്പീന്‍സ് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ജീവിതത്തിലെ ഒരു വലിയ ഭയം അതിജീവിച്ചത് ഈ യാത്രയിലാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ വെളിപ്പെടുത്തി. ഏറ്റവുമൊടുവില്‍ യാത്ര പോയതു ഫിലിപ്പീന്‍സിലേക്കാണ്. 16 രാജ്യങ്ങളില്‍ നിന്നുള്ള 21 പെണ്‍കുട്ടികളുടെ ഗേള്‍സ് ട്രിപ്. ഹോട്ടലും സൗകര്യവുമൊക്കെ നോക്കിയാണു മിക്ക യാത്രകളും പ്ലാന്‍ ചെയ്യുന്നത്. പക്ഷേ, ഹോസ്റ്റ് ചെയ്യുന്ന ലേഡിക്കാണ് ഈ ട്രിപ്പിലെ എല്ലാ തീരുമാനവും. അതു സമ്മതിച്ചാലേ യാത്രയില്‍ കൂടെ കൂട്ടൂ.
 
'അതിന്റെ ത്രില്ലുകള്‍ ചെറുതല്ല. താമസിച്ച മുറിയില്‍ ടേബിള്‍ ഫാന്‍ മാത്രമേയുള്ളൂ. ബാത്‌റൂമിലെ ഷവറില്‍ വെള്ളം കുറേശ്ശേയേ വരുന്നുമുള്ളൂ. ഓര്‍ഡര്‍ ചെയ്യാന്‍ മെനുവൊന്നുമില്ല, അവിടെ ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവരും കഴിക്കണം. ജീവിതത്തിലെ ഒരു വലിയ ഭയം അതിജീവിച്ചത് അന്നാണ്. കുട്ടിക്കാലത്ത് അച്ഛനുമമ്മയും നീന്തല്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു. ഇറങ്ങാന്‍ മടിച്ചു നിന്ന എന്നെ കോച്ച് വെള്ളത്തിലേക്കു തള്ളിയിട്ടു. രക്ഷപ്പെടാനായി കൈകാലിട്ടടിക്കുമ്പോള്‍ പേടി മാറുമെന്നാണു കോച്ച് കരുതിയതെങ്കിലും അതോടെ പഠനം നിന്നു.
 
പിന്നീടു വെള്ളത്തിലിറങ്ങാ ന്‍ തന്നെ പേടിയായി. ഫിലിപ്പീന്‍സില്‍ വച്ചു സര്‍ഫിങ് പഠിപ്പിക്കാന്‍ വന്ന ടീം നാലു ദിവസം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാനും ശ്വാസം പിടിച്ചു നില്‍ക്കാനും പരിശീലിപ്പിച്ചു. അടുത്ത ദിവസം ഞാന്‍ തനിച്ചു നീന്തി. അന്നു രാത്രി സന്തോഷം കൊണ്ട് ഉറക്കം വന്നില്ല. പല പേടികളെയും ഇങ്ങനെയൊക്കെയാകും നമ്മള്‍ അതിജീവിക്കുന്നത്', സാനിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article