ഇതു തല്ലുകൊള്ളിത്തരം, നല്ല സിനിമകളെ ചതിച്ചിട്ടല്ല പുതിയ സിനിമകൾക്ക് കളമൊരുക്കേണ്ടത്; തീയേറ്റർ ഉടമകൾക്കെതിരെ സാന്ദ്ര തോമസ്

ബുധന്‍, 29 മാര്‍ച്ച് 2017 (11:26 IST)
തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുന്ന അങ്കമാലി ഡയറീസ് ഫോൾഡ് ഓവർ ആക്കാനുള്ള ശ്രമം തൃശൂരിൽ നടന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ശൂർ ഗിരിജ തിയറ്ററിലാണ് സിനിമ കാണാൻ കഴിയാതെ ആളുകൾ മണിക്കൂറുകളോളം പുറത്തുനിൽന്നത്. ചിത്രം ഹോൾഡ്ഓവറാക്കി പുതിയ റിലീസ് നടത്താനാണ് തിയറ്ററുകളുടെ ഇങ്ങനെയൊരു നീക്കമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. സംഭവത്തിൽ വിശദീകരണവുമായി സാന്ദ്ര തോമസ് രംഗത്തെത്തി.
 
സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
മലയാള സിനിമയിൽ പുതിയ ശൈലീ മാറ്റത്തിനൊപ്പം നിന്ന്, 86 പുതുമുഖങ്ങളെ ക്കൊണ്ട് തിയറ്ററുകൾ പിടിച്ചടക്കിയ അങ്കമാലീ ഡയറീസിനെ തിയറ്ററുകളിൽ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണ്. ഇങ്ങനെ ചെയ്യുന്നവർ ഓർക്കേണ്ട ഒന്നുണ്ട്. ആവർത്തന വിരസതയും അതിമാനുഷ കഥകളും കണ്ട് മടുത്ത പ്രേക്ഷകർ തിരിഞ്ഞു നോക്കാത്തത് കൊണ്ട് തിയറ്ററുകൾ പൂട്ടേണ്ടി വന്ന ഒരു സമീപകാലം താണ്ടി വന്നതാണ് മലയാള സിനിമ. 
 
പുതിയ ആശയങ്ങളുമായി എത്തിയവർക്ക് ധൈര്യവും പണവും നൽകാൻ നിർമാതാക്കളും ഉണ്ടായതു കൊണ്ടാണ് സിനിമ വസന്തകാലത്തിലേക്ക് തിരിച്ചെത്തിയത് . അവരുടെ നെഞ്ചിൽ കത്തി കയറ്റി കൊടും ലാഭം മാത്രം നോക്കി പടം കളിക്കുക എന്ന മര്യാദയില്ലായ്മയാണ് ചില തിയറ്ററുടമകൾ ചെയ്യുന്നത്. 
 
കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്ത് നിറഞ്ഞ സദസിൽ ഓടുന്ന അങ്കമാലി ഡയറീസ് ഹോൾഡ് ഓവർ ചെയ്യാനുള്ള ശ്രമം തല്ലുകൊള്ളിത്തരം തന്നെയാണ്. പുതിയ സിനിമകളുടെ ആദ്യ ദിന കളക്ഷൻ മാത്രം ലക്ഷ്യം വച്ചുള്ള ഈ ചൂതാട്ടം നല്ല സിനിമയുടെ നിർമാതാവിനെ ചതിച്ച് തോൽപ്പിക്കലാണ്. നല്ല രീതിയിൽ ഓടുന്ന സിനിമ ഹോൾഡ് ഓവർ ചെയ്തല്ല പുതിയ സിനിമയ്ക്ക് കളമുണ്ടാക്കേണ്ടത്.
 
ഒന്നുകൂടി. തിയറ്ററുടമകൾ ഒന്നു മനസിലാക്കണം, തിയറ്ററിന് മുന്നിൽ പ്രേക്ഷകർ കാത്തു നിൽക്കുന്നത് നിങ്ങൾക്കിഷ്ടമുള്ള സിനിമ കാണാനല്ല. അവർക്കിഷ്ടമുള്ള സിനിമ കാണാനാണ്.

വെബ്ദുനിയ വായിക്കുക