ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസമെന്ന് സംവിധായകൻ സലിം അഹമ്മദ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കെതിരെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, പ്രവാസികളെ എന്നും ചേർത്തുപിടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അവരെ തള്ളിപ്പറയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സവിധായകൻ സലിം അഹമ്മദ് പ്രവസികൾക്ക് പിന്തുണയുമായി എത്തിയത്. തന്റെ ചിത്രം പത്തേമാരിയും അതിലെ കഥാപാത്രമായ പളളിക്കൽ നാരായണനെയും ഓർമിച്ചുകൊണ്ടാണ് പ്രവാസികളെക്കുറിച്ച് അദ്ദേഹം എഴുതിയത്. പോസ്റ്റിങ്ങനെ:
"ആരായിരിക്കും ഈ മണ്ണില് കാലുകുത്തിയ ആദ്യത്തെ മലയാളി ?" - ഖോർഫുക്കാൻ തീരത്ത് നിന്ന് അടയാളപാറയ്ക്കുമപ്പുറത്തെ കടലിന്റെ അറ്റം നോക്കി നാരായണൻ ചോദിച്ചു.
"ആരായിരുന്നാലും നാട് കാണാൻ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നിൽക്കുന്ന പെങ്ങമാരുമുള്ള ആരെങ്കിലുമായിരിക്കും" - മൊയ്തീൻ.
ശരിയാണ്, അവരാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടല് കടന്നവരല്ല.
അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണം.
സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയെന്ന ആവശ്യം മാത്രമാണ് അവർക്കുള്ളത്, രോഗികളെ കൊണ്ട് വരണമെന്ന് പറയുന്നുമില്ല.
ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസം. ഭുപരിഷ്ക്കരണ നിയമ പ്രകാരം കിട്ടിയ ഭൂമിക്ക് വിലയുണ്ടായത് മലയാളി ഗൾഫിൽ പോയതിന് ശേഷമാണ്,
അവരിൽ പലരും സന്തോഷിച്ചത് അയച്ച് കൊടുത്ത കാശിൽ നാട്ടിൽ ഒരാവശ്യം നടന്നല്ലോന്ന് അറിയുമ്പോയാണ് -
അങ്ങിനെ അവരുടെ പണത്തിലാണ് നമ്മൾ പള്ളിക്കൂടങ്ങളും ആശുപത്രിയും എയർപോർട്ടുമെല്ലാം കെട്ടിപൊക്കിയത്; എന്തിനേറെ ക്ലബ് വാർഷികവും, ടൂർണ്ണമെന്റ്‌കളും ഉൽസവവും, പള്ളി പെരുന്നാളും, ഉറൂസും നടത്തിയത്......
പ്രളയദുരന്തങ്ങളിൽ നമുക്കേറെ കൈത്താങ്ങായതും അവരുടെ കരുത്തും കരുതലുമായിരുന്നു.
നമ്മളുറങ്ങുമ്പോഴും നമ്മളെയോർത്ത് ഉറങ്ങാതിരുന്നതും അവർ തന്നെ....
എന്നാൽ, അവരൊരിക്കലും അതിന്റെ കണക്ക് പറഞ്ഞിട്ടില്ല. ആ അയച്ചുതന്ന കാശൊരിക്കലും അവരുടെ മിച്ചത്തിൽ നിന്നായിരുന്നില്ല; പത്ത് തികയ്ക്കാൻ കടം വാങ്ങിച്ച മൂന്നും ചേർത്ത് അയച്ചതായിരുന്നു.
175 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ നിന്നും സ്വന്തം നാട്ടുകാരെ ഓരോ രാജ്യങ്ങളും കൊണ്ട് പോകുകയാണ്.
സ്വന്തം വീട്ടുകാർക്ക് പോലും പ്രവാസിയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഒരു നാടിന്......
ചേറ്റുവ കടപ്പുറത്ത് ലാഞ്ചി വേലയുധൻ പുലമ്പി നടന്നതു തന്നെയാണ് സത്യം -
" നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോർഡർ വന്നില്ലെങ്കിലാ അവർക്ക് സങ്കടം..... മഞ്ഞും മഴയും വെയിലും കൊള്ളാതെ തണലേകികൊണ്ട് നടന്നതെല്ലാം അവർ മറക്കും.... ഒടുവില് ഓട്ടവീണ കുട പോലെ ഒരു മുലേല്......