നട്ടെല്ലിന് ഉൾപ്പടെ ഗുരുതുര പരുക്കേറ്റ താരം ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പെട്ടന്ന് എങ്ങനെയാണ് ഇത്ര ആരോഗ്യവാനായി നടന്നു പോയത് എന്നായിരുന്നു ആ വീഡിയോ കണ്ട പലരുടെയും ചോദ്യം. താരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രിയായ നിതേഷ് റാണെയും എത്തിയിരുന്നു. ആക്രമണം ശരിക്കും ഉണ്ടായതാണോ അതോ ഇത് നടന്റെ അഭിനയം മാത്രമാണോ എന്നും മന്ത്രി ചോദിച്ചു.
സംഭവം വൻ തോതിൽ ചർച്ചയായതോടെ ബെംഗളൂരുവിലെ കാർഡിയോളജിസ്റ്റായ ഡോ. ദീപക് കൃഷ്ണമൂർത്തി ഇതിൽ വ്യക്തത വരുത്തി രംഗത്തെത്തി. സെയ്ഫിന്റെ അതിവേഗത്തിലുള്ള തിരിച്ചുവരവിൽ സംശയിക്കാൻ ഒന്നും തന്നെയില്ല എന്നാണ് അദ്ദേഹം പറയുന്നത്. നട്ടെലിന് ശസ്ത്രക്രിയ നടത്തിയ തന്റെ സ്വന്തം അമ്മയുടെ വീഡിയോയും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
മാത്രമല്ല, ഹൃദയത്തിന് ബൈപാസ് സർജറി ചെയ്ത ആളുകൾ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നടക്കുകയും പടികൾ കയറുകയും ചെയ്യുന്നുവെന്നും സമൂഹമാധ്യമത്തിൽ സ്വന്തം അജ്ഞത പ്രദർശിപ്പിക്കും മുൻപ് നമ്മൾ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്നും കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. സെയ്ഫിനേറ്റ കുത്തുകൾ സുഷുമ്നാനാഡിയെയും മറ്റു നാഡികളെയും ബാധിച്ചിട്ടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഇക്കാരണത്താൽ കാലിന് ബലകുറവില്ല. ഡോക്ടർമാർ ശരിയായ രീതിയിൽ ചികിത്സിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീർണതകളും ഉണ്ടായില്ല. സെയ്ഫിന്റെ വ്യായാമരീതികളും രോഗം മാറാൻ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.